രാജസ്ഥാനെതിരെ ഉദിച്ചുയർന്ന് പാണ്ഡെ-ശങ്കർ സഖ്യം; ഹൈദരാബാദിന് 8 വിക്കറ്റ് ജയം

രാജസ്ഥാൻ റോയൽസിനെ മലർത്തിയടിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്. 8 വിക്കറ്റിനായിരുന്നു സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ വിജയം. 47 പന്തിൽ പുറത്താവാതെ 83 റൺസ് എടുത്ത മനീഷ് പാണ്ഡെയും 51 പന്തിൽ പുറത്താവാതെ 52 റൺസ് എടുത്ത വിജയ് ശങ്കറും ചേർന്നാണ് വിജയം അനായാസമായി നേടിയത്.

ഓപ്പണർമാരായ ഡേവിഡ് വാർണറും ബെയർസ്‌റ്റോയും 16 റൺസ് എടുക്കുന്നതിന് മുൻപ് തന്നെ പുറത്തായിരുന്നു. പിന്നാലെ എത്തിയ മനീഷ് പാണ്ഡെയും വിജയ് ശങ്കറും ചേർന്ന് മൂന്നാം വിക്കറ്റിൽ 140 റൺസാണ് നേടിയത്. ഇതോടെ നിസാരമായി രാജസ്ഥാനെ മറികടക്കാൻ ഹൈദരാബാദിന് സാധിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് എടുത്തത്. രാജസ്ഥാന് വേണ്ടി ബെൻ സ്റ്റോക്‌സും റോബിൻ ഉത്തപ്പയും ചേർന്ന് ആദ്യ വിക്കറ്റിൽ 30 റൺസാണ് നേടിയത്. 13 പന്തിൽ 19 റൺസ് എടുത്ത ഉത്തപ്പ റൺ ഔട്ട് ആയപ്പോൾ പിന്നീടിറങ്ങിയ സഞ്ജു സാംസണൊപ്പം ബെൻ സ്റ്റോക്സ് രാജസ്ഥാന്റെ സ്‌കോർ ഉയർത്തി.

രണ്ടാം വിക്കറ്റിൽ 56 റൺസാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി ഇവർ നേടിയത്. ബെൻ സ്റ്റോക്സ് 30 റൺസും സഞ്ജു സാംസൺ 36 റൺസുമെടുത്താണ് പുറത്തായത്. സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ്പ് സ്‌കോറർ. പിന്നീട് സ്റ്റീവ് സ്മിത്തും റിയാൻ പരാഗും ചേർന്ന് അവസാന ഓവറുകളിൽ രാജസ്ഥാന്റെ സ്‌കോർ നില ഉയർത്തുകയായിരുന്നു. സ്മിത്ത് 19 റൺസും പരാഗ് 20 റൺസുമെടുത്താണ് പുറത്തായത്. അവസാന ഓവറിൽ 16 റൺസ് എടുത്ത ജോഫ്ര ആർച്ചർ രാജസ്ഥാൻ സ്കോർ 150 കടത്തി. ഐപിഎൽ പോയിന്റ് നിലയിൽ ആറാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസും, ഏഴാം സ്ഥാനത്തുള്ള സൺറൈസേഴ്‌സ് ഹൈദരാബാദും പ്ലേ ഓഫ് ലക്ഷ്യവുമായാണ് ഇറങ്ങിയത്.

Story highlights- sunrisers Hyderabad won by 8 wickets