റിലീസിന് തയ്യാറെടുത്ത് അഥർവയും അനുപമയും ഒന്നിക്കുന്ന ‘തള്ളി പോകതെയ്’

അഥർവയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പ്രണയ ചിത്രമാണ് ‘തള്ളി പോകതെയ്’. തെലുങ്ക് ചിത്രമായ ‘നിനു കോരി’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘തള്ളി പോകതെയ്’. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. കണ്ണനാണ് ചിത്രത്തിന്റെ സംവിധായകൻ. ഒക്ടോബർ 9 ന് രാവിലെ 11 ന് ചിത്രത്തിന്റെ ട്രെയ്‌ലർ എത്തുമെന്ന വിവരമാണ് അണിയറ പ്രവർത്തകർ പങ്കുവയ്ക്കുന്നത്.

ഗൗതം മേനോൻ സംവിധാനം ചെയ്ത ‘അച്ചം എൻപതു മഡമയെഡാ’ എന്ന ചിത്രത്തിലെ തള്ളി പോകാതെയ് എന്ന പാട്ടിൽ നിന്നും പ്രചോദനം കൊണ്ടാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫെബ്രുവരിയിൽ ലോക്ക്ഡൗണിന് മുമ്പ് റിലീസ് ചെയ്തിരുന്നു.

‘നിനു കോരി’യുടെ സംഗീത സംവിധായകൻ കൂടിയായ ഗോപി സുന്ദരാണ് തള്ളി പോകാതെയിലും സംഗീതം പകരുന്നത്. ഷൺമുഖ സുന്ദരമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എം കെ ആർ പി പ്രൊഡക്ഷനുമായി സഹകരിച്ച് കൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്.

അതേസമയം, ഇത് അനുപമയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ്. കൊടി എന്ന ചിത്രത്തിൽ ധനുഷിന്റെ നായികയായാണ് തമിഴകത്ത് അനുപമ അരങ്ങേറ്റം കുറിച്ചത്. ‘മണിയറയിലെ അശോകനാണ് അനുപമ പരമേശ്വരൻ നായികയായി റിലീസ് ചെയ്ത ചിത്രം. ചിത്രത്തിന്റെ സഹ സംവിധായിക കൂടിയായിരുന്നു നടി.

Story highlights- Thalli Pogathey movie release