മലയാള സിനിമയിലേക്ക് ഒരു സ്പെഷ്യൽ സ്റ്റാർ- ഡൗൺ സിൻഡ്രോമിനെ കഴിവ് കൊണ്ട് തോൽപ്പിച്ച ‘തിരികെ’യിലെ ഗോപി കൃഷ്ണൻ

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജോർജ് കോര ഹൃദയം തൊടുന്ന മറ്റൊരു കഥയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘തിരികെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു കഥയും ഒരു സ്പെഷ്യൽ ഹീറോയെയും സമ്മാനിക്കുകയാണ് ജോർജ്. ഡൗൺ സിൻഡ്രോം ബാധിച്ച ഗോപി കൃഷ്ണനാണ് ചിത്രത്തിൽ നായകനാകുന്നത്. വർഷങ്ങൾക്ക് മുൻപ് തയ്യാറാക്കിയ കഥയിൽ അഭിനയിക്കാൻ കഴിവുള്ള ഒരു ഡൗൺ സിൻഡ്രോം ബാധിച്ച വ്യക്തിയെ തേടി നടക്കുകയായിരുന്നു ജോർജ്. ഒടുവിൽ, ടിക് ടോക്കിൽ താരമായ ഗോപികൃഷ്ണനിലേക്ക് എത്തുകയായിരുന്നു.

കൊവിഡ് കാലത്ത് പ്രതിസന്ധികൾക്കിടയിൽ മനസ് നിറയ്ക്കുന്ന ഒരു ദൃശ്യാനുഭവമായിരിക്കും തിരികെ എന്നതിൽ സംശയമില്ല. കാരണം, തിരികെയിലെ നായകനെ പരിചയപ്പെടുത്തിയ വീഡിയോക്ക് ലഭിച്ച പിന്തുണ അത്ര വലുതാണ്. രണ്ടു സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ കോഴിക്കോട് സ്വദേശിയായ ഗോപി കൃഷ്ണന്റെ അനിയനായി എത്തുന്നതും ജോർജ് കോരയാണ്.

Read More: ‘ഒന്നിനും ഞങ്ങളുടെ അഭിനിവേശം തടയാൻ കഴിയില്ല’- ‘ലാൽ സിംഗ് ഛദ്ദ’യുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയതായി കരീന കപൂർ

ടീസറിൽ ഗോപി കൃഷ്ണന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ഈ വീഡിയോ ഒറ്റ ദിവസം കൊണ്ട് ഒരു മില്യൺ കാഴ്ചക്കാരെ നേടി. ശാന്തി കൃഷ്ണ, ഗോപൻ മങ്കാട്ട്, ജിനു ബെൻ എന്നിവരൊഴികെ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നവരെല്ലാം പുതുമുഖങ്ങളാണ്. കൊവിഡ് പ്രതിസന്ധി കാരണം ചിത്രത്തിന്റെ റിലീസ് നീളുകയായിരുന്നു.

Story highlights- thirike movie teaser