അപൂര്‍വ സഹോദര സ്‌നേഹത്തിന്റെ ചാരുതയില്‍ ‘തിരികെ’യിലെ സ്‌നേഹഗാനം

February 25, 2021
Ormakkaalame Video Song Thirike Movie

നിറഞ്ഞു ചിരിച്ചുകൊണ്ട് പ്രിയപ്പെട്ട ജീവിത സ്വപ്നങ്ങളെ നേടിയെടുക്കുകയാണ് ഗോപികൃഷ്ണന്‍. ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ ഗോപികൃഷ്ണന്‍ മനക്കരുത്തുകൊണ്ട് വെല്ലുവിളികളെ അതിജീവിച്ച് മലയാള സിനിമയില്‍ നായകനായെത്തിയിരിയ്ക്കുകയാണ് താരം. തിരികെ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമാ ലോകത്തെ നായക സങ്കല്‍പങ്ങളെ പോലും പൊളിച്ചെഴുതുകയാണ് ഇരുപത്തിയൊന്ന് വയസ്സുകാരനായ ഗോപികൃഷ്ണന്‍ എന്ന നടന്‍.

ശ്രദ്ധ നേടുകയാണ് തിരികെ എന്ന ചിത്രത്തിലെ മനോഹരമായൊരു വീഡിയോ ഗാനം. സഹോദരസ്‌നേഹം ആവോളം പ്രതിഫലിയ്ക്കുന്നുണ്ട് ഈ ഗാനരംഗത്ത്. അങ്കിത് മേനോന്‍ ഗാനത്തിന് സംഗീതം പകര്‍ന്നിരിയ്ക്കുന്നു. വിനായക് ശശികുമാറിന്‍റേതാണ് ഗാനത്തിലെ വരികള്‍. ബെന്നി ദയാലിന്‍റെ ആലാപനവും ഗാനത്തെ കൂടുതല്‍ സുന്ദരമാക്കുന്നു.

അതേസമയം ഗോപികൃഷ്ണന്റെ അരങ്ങേറ്റ ചിത്രംകൂടിയാണ് തിരികെ. അപൂര്‍വ്വമായ സഹോദര സ്‌നേഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോര്‍ജ് കോരയും സാം സേവ്യറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്.

Read more: കൈലാസ് മേനോന്റെ സംഗീതത്തില്‍ മെമ്പര്‍ രമേശനിലെ മനോഹര പ്രണയഗാനം: വീഡിയോ

ഗോപികൃഷ്ണ വര്‍മ, ജോര്‍ജ് കോര, ശാന്തി കൃഷ്ണ, ഗോപന്‍ മാങ്ങാട്ട്, സരസ ബാലുശ്ശേരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. സംവിധായകരില്‍ ഒരാളായ ജോര്‍ജ് കോരയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നതും. നേഷന്‍ വൈഡ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ അബ്രഹാം ജോസഫ് ദീപക് ദിലീപ് പവാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Ormakkaalame Video Song Thirike Movie