വിക്രം തകർത്താടിയ പൊന്നിയിൻ സെൽവനിലെ ഗാനത്തിന്റെ വിഡിയോ റിലീസ് ചെയ്‌തു

October 14, 2022

ലോകമെങ്ങും പൊന്നിയിൻ സെൽവൻ വമ്പൻ വിജയം നേടുമ്പോൾ വലിയ പ്രശംസയാണ് ചിത്രത്തിലെ നടീ നടന്മാരും ഏറ്റുവാങ്ങുന്നത്. മികച്ച പ്രകടനമാണ് അഭിനേതാക്കളൊക്കെ കാഴ്ച്ചവെച്ചതെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ പറയുന്നത്. അമ്പരപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആദിത്യ കരികാലനെ അവതരിപ്പിച്ച വിക്രത്തിന്റേത്.

ഇപ്പോൾ നടൻ വിക്രം തകർത്താടി ചുവടുകൾ വെച്ച് തിയേറ്ററുകളെ ആവേശത്തിലാക്കിയ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വിഡിയോ റിലീസ് ചെയ്‌തിരിക്കുകയാണ്. ഏ.ആർ റഹ്‌മാന്റെ മന്ത്രികതയിൽ ഒരുങ്ങിയിരിക്കുന്ന ഗാനം പ്രേക്ഷകർ വലിയ ആഘോഷത്തോടെയാണ് തിയേറ്ററുകളിൽ ഏറ്റെടുത്തത്.

അതേ സമയം ബോക്സോഫീസിൽ വിജയത്തേരോട്ടം തുടരുകയാണ് പൊന്നിയിൻ സെൽവൻ. റീലീസ് ചെയ്‌ത്‌ വെറും 11 ദിവസങ്ങൾ കൊണ്ട് 400 കോടി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം നേടിയിരുന്നു. ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടിയ ചിത്രം വമ്പൻ ഓപ്പണിങ് വീക്കെൻഡ് കളക്ഷനും നേടിയിരുന്നു.

ലോക സിനിമയിലെ തന്നെ പ്രശസ്‌ത സംവിധായകരിലൊരാളായ മണി രത്നത്തിന്റെ സ്വപ്‌ന സിനിമയാണ് പൊന്നിയിൻ സെൽവൻ. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഒരു ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങിയ ചിത്രം വലിയൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്കായി ഒരുക്കിവെച്ചത്.

Read More: പ്രഭുദേവയുടെ മാസ്റ്റർപീസ് സ്റ്റെപ്പുകളിൽ തിളങ്ങി മഞ്ജു വാര്യർ- ‘ആയിഷ’യിലെ ഹിറ്റ് ഗാനം പ്രേക്ഷകരിലേക്ക്

വമ്പൻ താരനിര അണിനിരന്നിരിക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ഐശ്വര്യ ലക്ഷ്‌മി, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഗാനത്തിന്റെ ലിറിക്കൽ വിഡിയോകളും കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമെല്ലാം വമ്പൻ ഹിറ്റായി മാറിയിരുന്നു.

Story Highlights: Ponniyin selvan video song released