ആരും ഹൃദയം നിറഞ്ഞ് പുഞ്ചിരിക്കും ഈ പാട്ടു കേട്ടാല്‍; അത്രമേല്‍ സുന്ദരം വിധു പ്രതാപിന്റെ ‘ഹാപ്പി സോങ്’

A Happy Song Official Music Video by Vidhu Prathap

‘കാലമെല്ലാം മാഞ്ഞുപോകും
കോടമഞ്ഞിന്‍ തുള്ളി പോലേ
ദൂരമെല്ലാം ചാരെയാകും
നമ്മളൊന്നായി ചേരും…’ ഭാവാര്‍ദ്ര സ്വരത്തില്‍ വിധു പ്രതാപ് പാടുമ്പോള്‍ ഉള്ളുകളില്‍ നിറയുന്നത് ഒരു നേര്‍ത്ത ആശ്വാസമാണ്, പ്രതീക്ഷയാണ്. അത് മനോഹരമായ ഒരു പുഞ്ചിരിയായി മുഖത്ത് വിരിയുന്നു. അത്രമേല്‍ സുന്ദരമാണ് ‘ഒന്ന് ചിരിക്കൂ’ എന്ന ഹാപ്പി സോങ്. ചിരിയാണ് ലോകത്ത് ഏറ്റവും സുന്ദരമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ സംഗീതാവിഷ്‌കാരം.

”സമൂഹത്തിന്റെ എല്ലാ മേഖലയിലും കൊവിഡ് 19 എന്ന മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചു. പലരും ചിരിക്കാന്‍ പോലും മറന്നു. ഈ സമയവും നാം അതിജീവിക്കും. ഉള്ളു തുറന്ന് നമുക്ക് ചിരിക്കാം എന്ന സന്ദേശമാണ് ഈ ഗാനം ആസ്വാദകര്‍ക്ക് നല്‍കുന്നത്”. വിധു പ്രതാപ് ഫ്‌ളവേഴ്‌സ് ഓണ്‍ലൈനോട് പറഞ്ഞു. ”മനോഹരമായ ഒരു ചിരിയേക്കാള്‍ സുന്ദരമായ മറ്റൊന്നുമില്ല ഈ ലോകത്ത്. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ് ചിരിക്കാന്‍ സാധിക്കട്ടെ” എന്നും അദ്ദേഹം ആശംസിച്ചു.

വിധു പ്രതാപിന്റെ സ്വരമാധുര്യംതന്നെയാണ് ഗാനത്തിന്റെ പ്രധാന ആകര്‍ഷണം. വിധുവാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നതും. അര്‍ഷാദ് കെ റാഹിം വരികള്‍ എഴുതിയിരിക്കുന്നു. ശുഭപ്രതീക്ഷയുടെ ആഴവും പരപ്പുമെല്ലാം പ്രതിഫലിക്കുന്നുണ്ട് ഓരോ വരികളിലും. ദീപ്തി വിധു പ്രതാപിന്റേതാണ് ഒന്നു ചിരിക്കൂ എന്ന മ്യൂസിക് വീഡിയോയുടെ ആശയം. ഡയറക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നതും ദീപ്തിയാണ്.

ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നു ഈ സംഗീത വീഡിയോ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം. ‘റാന്‍ഡം ആയി കുട്ടികളുടേയും മുതിര്‍ന്നവരുടേതുമടക്കം പല ചിരികളും പാട്ടിലുണ്ട്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ വേണ്ടിവന്നു ചിത്രീകരണത്തിനായി. എല്ലാത്തിനും ഒടുവില്‍ മ്യൂസിക് വീഡിയോ പുറത്തിറങ്ങിയപ്പോള്‍ ഒരുപാട് സന്തോഷം. പാട്ടിന് അവസാനം മുഖത്ത് അറിയാതെ ഒരു ചിരി വന്നു എന്നാണ് പലരും നല്‍കിയ കമന്റ്. അത്തരം പ്രതികരണങ്ങള്‍ നല്‍കുന്ന സന്തോഷവും ചെറുതല്ല.’ വിധു പ്രതാപ് പറഞ്ഞു.

Story highlights: A Happy Song Official Music Video by Vidhu Prathap