‘നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി’; ഫാത്തിമ അസ്‌ലയുടെ പുസ്തകത്തെ പരിചയപ്പെടുത്തി കാളിദാസ് ജയറാം

November 17, 2020
Kalidas Jayaram Introduce New Book of Fathima Asla

ഫാത്തിമ അസ്‌ല…; ഉള്‍ക്കരുത്തിന്റെ മറ്റൊരു പേര്. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തില്‍ ദുഃഖങ്ങള്‍ ഏറിയപ്പോള്‍ ആ വേദനകളെ ചിരികൊണ്ട് അതിജീവിച്ച മിടുക്കി. ‘നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി’ എന്നാണ് ഫാത്തിമ അസ്‌ലയുടെ പുതിയ പുസ്തകത്തിന്റെ പേര്. ഫാത്തിമ അസ്‌ലയെ വിശേഷിപ്പിക്കാനും ഇതിലും മികച്ചൊരു വര്‍ണ്ണന വേറെയുണ്ടാകണമെന്നില്ല.

വീല്‍ചെയറിലാണ് ഫാത്തിമ. എല്ലു നുറുങ്ങുന്ന വേദനകളുമായാണ് വിധി അവള്‍ക്ക് മുമ്പില്‍ കരിനിഴല്‍ വീഴ്ത്തി തുടങ്ങിയത്. എല്ലുകള്‍ പൊടിഞ്ഞു പോകുന്ന രോഗാവസ്ഥയിലും മനസ്സ് തളര്‍ന്നില്ല ഫാത്തിമയുടെ. ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് മെല്ലെ നടന്നുകയറുകയാണ് ഈ മിടുക്കി. ഹോമിയോപ്പതിക് മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ ഫാത്തിമ ഡോക്ടറാകാനുള്ള തയാറെടുപ്പിലാണ്.

ഫാത്തിമയുടെ ‘നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി’ എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് മലയാളികളുടെ പ്രിയതാരം കാളിദാസ് ജയറാം പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

കുറിപ്പ് ഇങ്ങനെ-

അതിജീവനത്തിന്റെ കഥകളാണ് ഫാത്തിമ അസ്‌ലയുടെ ‘നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി’ എന്ന പുസ്തകം. Osteogenesis Imperfecta അഥവാ Brittle Bone Disease എന്ന രോഗാവസ്ഥ ജനനം മുതല്‍ക്കേ ശരീരത്തെ ബാധിച്ചതിനാല്‍ വീല്‍ചെയറുമായി ജീവിച്ച്, എന്നാല്‍ തന്റെ സ്വപ്നങ്ങള്‍ക്ക് പരമിതികളില്ല എന്ന ദൃഢനിശ്ചയം കൊണ്ട് ഹോമിയോപ്പതിക് മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി, ഡോക്ടറാവാന്‍ തയ്യാറെടുക്കുകയാണ് ഫാത്തിമ അസ്‌ല. ഇന്നോളം കണ്ട ജീവിതത്തെയും സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ച മനുഷ്യരെയും മനോഹരമായി ഓര്‍ത്തെടുക്കുന്ന അനുഭവക്കുറിപ്പുകളാണ് ഫാത്തിമയുടെ കുഞ്ഞുപുസ്തകം.

ഇനിയുമേറെ സ്വപ്നങ്ങള്‍ കീഴടക്കാന്‍ ഫാത്തിമയ്ക്ക് സാധിക്കട്ടെ എന്നാശംസിച്ചു കൊണ്ട് ‘നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി’ യെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

Story highlights: Kalidas Jayaram Introduce New Book of Fathima Asla