തകർച്ചയിൽ നിന്ന് കുതിച്ച് ഡൽഹി ;മുംബൈയ്ക്ക് 157 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിലെ അവസാന അങ്കത്തിൽ മുംബൈയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം ഉയർത്തി ഡൽഹി ക്യാപിറ്റൽസ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. തുടക്കത്തിൽ ഡൽഹി പതറി. ആദ്യ ഓവറുകളില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ച നേരിട്ട ഡല്‍ഹിക്ക് തുണയായത് ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും അർധ സെഞ്ചുറി നേട്ടമാണ്.

ശ്രേയസ് 50 പന്തില്‍ 65 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നപ്പോള്‍ പന്ത് 38 ബോളില്‍ 56 റണ്‍സ് നേടി. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഡല്‍ഹിയ്ക്ക് വേണ്ടി കഴിഞ്ഞ മത്സരത്തിലെന്നപോലെ ഈ കളിയിലും ശിഖര്‍ ധവാനും സ്‌റ്റോയിനിസും ചേര്‍ന്നാണ് ഓപ്പണിങ്ങിനിറങ്ങിയത്. ആദ്യ ബോളില്‍ തന്നെ മാര്‍ക്കസ് സ്റ്റോയ്നിസിനെ നഷ്ടപ്പെട്ടതാണ് ഡല്‍ഹിയ്ക്ക് തിരിച്ചടിയായത്. സ്റ്റോയിനിസിന് പകരം ക്രീസിലെത്തിയത് അജിങ്ക്യ രഹാനെയാണ്. വെറും രണ്ട് റണ്‍സെടുത്ത താരത്തെ പുറത്താക്കി ബോള്‍ട്ട് രണ്ടാം വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

നാലാം ഓവറില്‍ ധവാൻ പുറത്തായതോടെയാണ് ഡൽഹിക്ക് തകർച്ച മുന്നിൽ കാണാൻ സാധിച്ചത്. പിന്നീട് നായകന്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് എട്ടാം ഓവറില്‍ സ്‌കോര്‍ 50 കടത്തിയതോടെ ഡൽഹിക്ക് ആശ്വാസമായി. 13 ഓവറില്‍ ടീം 100 കടക്കുകയും ചെയ്തു.

മുംബൈയ്ക്ക് വേണ്ടി ബോള്‍ട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കോള്‍ട്ടര്‍ നൈല്‍ രണ്ട് വിക്കറ്റ് നേടി. ജയന്ത് യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി.

Story highlights- mumbai indians needs 157 runs to win