‘പതിനാലു വർഷങ്ങൾക്ക് മുൻപ് ഈ ദിവസം..’- ‘ഗുരു’വിന്റെ ഓർമ്മകൾ പങ്കുവെച്ച് ഐശ്വര്യ റായ്

അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ഒന്നിച്ചഭിനയിച്ച് 2007ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഗുരു’. ചിത്രത്തിന്റെ പ്രീമിയറിനായി ന്യൂയോർക്കിൽ അഭിഷേകിനൊപ്പമെത്തിയ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഗുരുവിന്റെ പതിനാലാം വാർഷികത്തിൽ ഐശ്വര്യ റായ് ബച്ചൻ. ‘അന്ന് ഈ ദിവസം.. പതിനാലു വർഷങ്ങൾ..എന്നന്നേക്കും ഓർമ്മകളിൽ ഗുരു..’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ഐശ്വര്യ റായ് കുറിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ മണിരത്നത്തിന്റെ ചിത്രവും ഐശ്വര്യ പങ്കുവയ്ക്കുന്നു.

മുമ്പ് അഭിഷേക് ബച്ചൻ തന്റെ കരിയറിലെ ഏറ്റവും ക്രിയാത്മകമായി സംതൃപ്തമായ ചിത്രങ്ങളിലൊന്നാണ് ഗുരു എന്ന് വിശേഷിപ്പിച്ചിരുന്നു. ‘ഗുരു എന്നെ മണിയുമായി രണ്ടാം തവണയും ഐശ്വര്യയുമായി നാലാം തവണയും വിദ്യ ബാലൻ, മാധവൻ എന്നിവരുമായി ആദ്യമായും ഒന്നിക്കാൻ അവസരം നൽകി. എന്റെ കരിയറിലെ ഏറ്റവും ക്രിയാത്മകമായി സംതൃപ്തി നൽകുന്ന ചിത്രങ്ങളിലൊന്നാണ് ഗുരു. ഞങ്ങളെല്ലാവരും വളരെ കഠിനാധ്വാനം ചെയ്യുകയും വളരെയധികം ആസ്വദിക്കുകയും ചെയ്ത ഒരു സിനിമ. എ ആർ റഹ്മാന്റെ മികച്ച സംഗീതം (തേരെ ബിന എന്റെ പ്രിയപ്പെട്ടതായി തുടരുന്നു). മുഴുവൻ അഭിനേതാക്കളുടെയും വലിയ കഴിവും അർപ്പണബോധവും എന്റെ ജോലി വളരെ എളുപ്പമാക്കി’ അഭിഷേക് പറയുന്നു.

Read More: ‘സാജൻ ബേക്കറി സിൻസ് 1962’ ഫെബ്രുവരി 12ന് തിയേറ്ററുകളിലേക്ക്

മനോഹര സംഗീതം കൊണ്ടും മേക്കിംഗ് കൊണ്ടും വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഗുരു. അതേസമയം, വീണ്ടും മണിരത്നത്തിനൊപ്പം പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് ഐശ്വര്യ റായ് ബച്ചൻ. പൊന്നിയിൻ സെൽവൻ എന്ന ചരിത്ര സിനിമയിൽ ഇരട്ട വേഷത്തിലാണ് ഐശ്വര്യ റായ് എത്തുന്നത്. ബോബ് ബിശ്വാസ് എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിഷേക് ബച്ചൻ അഭിനയിക്കുന്നത്.

Story highlights- aiswarya rai bachan about guru movie