‘സത്യം ഒന്നേ ഉള്ളു, അത് ജയിക്കും’; കൊമ്പുകോർത്ത് പൃഥ്വിരാജും സുരാജും- ജന ഗണ മന പ്രൊമോ വീഡിയോ

പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ജന ഗണ മന റിലീസിന് തയ്യാറെടുക്കുയാണ്. ഇപ്പോഴിതാ, റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പങ്കുവയ്ക്കുകയാണ് അണിയറപ്രവർത്തകർ. പൃഥ്വിരാജും സുരാജും നേർക്കുനേർ ഏറ്റുമുട്ടുന്ന പ്രൊമോ വളരെയധികം ആവേശം പകരുന്നതാണ്. പോലീസ് ഉദ്യോഗസ്ഥനാണ് സൂരജ് വെഞ്ഞാറമൂട് ചിത്രത്തിൽ. ഗാന്ധിയനായ അഭിഭാഷകനായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നതെന്നാണ് പ്രൊമോ നൽകുന്ന സൂചന.

‘ഡ്രൈവിംഗ് ലൈസൻസി’ന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ക്വീൻ’ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജനഗണമന’. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും പൃഥ്വിരാജ് സുകുമാരനും സംവിധായകൻ ഡിജോ ജോസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More: കൊവിഡ് കാലത്തും പ്രൗഢി മങ്ങാതെ 72-ാം റിപ്പബ്ലിക് ദിനം

അതേസമയം,കടുവക്കുന്നേൽ കുറുവച്ചൻ, എമ്പുരാൻ, ആടുജീവിതം, കാളിയൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജ് നായകനായി ഒരുങ്ങുന്നത്. സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലും പൃഥ്വിരാജാണ് പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്.സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Story highlights- jana gana mana promo