ഈ യുദ്ധം നമ്മള്‍ ജയിക്കും; കൊവിഡ് വാക്‌സിന്‍ വിതരണ യജ്ഞത്തില്‍ അണിചേരാന്‍ ആഹ്വാനം ചെയ്ത് മഞ്ജു വാര്യര്‍

January 16, 2021
Kerala Covid Vaccination

കൊവിഡ് 19 മഹാമാരിക്കെതിരെയുള്ള പോരാട്ടം തുടങ്ങിയിട്ട് നാളുകളായി. ഇന്നു മുതലാണ് രാജ്യത്ത് കൊവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിയ്ക്കുന്നത്. കേരളവും കൊവിഡ് വാക്‌സിനേഷന് സുസജ്ജമാണ്. വിവധ മേഖലകളിലുള്ളവര്‍ വാക്‌സിനേഷന്‍ വിതരണത്തിന് പിന്തുണയറിയിച്ചുകൊണ്ട് രംഗത്തെത്തുന്നു. ചലച്ചിത്രതാരം മഞ്ജു വാര്യരും സമൂഹമാധ്യമങ്ങളിലൂടെ കൊവിഡ് വാക്‌സിന്‍ വിതരണ യജ്ഞത്തില്‍ അണിചേരാന്‍ ആഹ്വാനം ചെയ്തു.

‘രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് വിതരണ യജ്ഞത്തിന് തുടക്കമാവുകയാണ്. കൊവിഡ് എന്ന മഹാമാരിക്കെതിരായുള്ള മനുഷ്യരാശിയുടെ ചെറുത്തുനില്‍പ്പാണിത്. ഈ യുദ്ധം നമ്മള്‍ ജയിക്കും. കൊവിഡ് വാക്‌സിന്‍ വിതരണ യജ്ഞത്തിന് ഒരേ മനസ്സോടെ നമുക്ക് അണി ചേരാം.’ മഞ്ജു വാര്യര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

Read more: കൈകളും കാലുകളുമില്ലാതിരുന്നിട്ടും കരാട്ടെയെ കീഴടക്കിയ മിടുക്കന്റെ ജീവിതകഥ

കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളും ഉള്‍പ്പെടെ 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ ആരംഭിച്ചിരിയ്ക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ വിതരണം. അടുത്ത ഘട്ടത്തില്‍ പൊലീസുകാര്‍, അങ്കണ്‍വാടി വര്‍ക്കര്‍മാര്‍, വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെയുള്ള മുന്‍ഗണനാ പ്രവര്‍ത്തകര്‍ക്കും നല്‍കും. അതിനുശേഷംമായിരിക്കും അറുപത് വയസ്സിനു മുകളിലുള്ളവര്‍ക്കും അമ്പത് വയസ്സിന് മുകളിലുള്ള മറ്റ് അസുഖങ്ങളുള്ളവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുക. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കൊവിഷീല്‍ഡ് വാക്‌സിനാണ് രാജ്യത്ത് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്.

Story highlights: Kerala Covid Vaccination