പത്മഭൂഷൺ നിറവിൽ മലയാളികളുടെ വാനമ്പാടി; കെ എസ് ചിത്രയ്ക്ക് ആശംസകളുമായി സംഗീതലോകം

മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്രക്ക് രാജ്യം 72-ാം റിപ്പബ്ലിക് ദിനത്തിൽ പത്‌മഭൂഷൺ നൽകി ആദരിക്കുകയാണ്. അംഗീകാര നിറവിൽ കെ എസ് ചിത്രയ്ക്ക് അഭിനന്ദന പ്രവാഹമാണ് മലയാള സിനിമ- സംഗീത ലോകത്ത് നിന്നും ലഭിക്കുന്നത്. ഗായകരായ ജ്യോത്സന, സിത്താര കൃഷ്ണകുമാർ, ഇഷാൻ ദേവ്, മഞ്ജരി തുടങ്ങി ഒട്ടേറെ യുവഗായകർ ചിത്രയ്ക്ക് ആശംസ അറിയിച്ചു.

നാലു പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ അസാമാന്യമായ സംഭവന നൽകിയ ഗായികയാണ് കെ എസ് ചിത്ര. വിവിധ ഭാഷകളിൽ ഗാനമാലപിച്ചുകൊണ്ട് രാജ്യം മുഴുവൻ കേരളത്തിന്റെ യശസ്സ് എത്തിക്കാൻ ചിത്രയ്ക്ക് സാധിച്ചു.

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ശ്രദ്ധേയയാണ് ചിത്ര. തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ലേറെ ഗാനങ്ങള്‍ പാടി. 16 സംസ്ഥാന പുരസ്‌കാരങ്ങളും ചിത്ര കരസ്ഥമാക്കിയിട്ടുണ്ട്. അതുപോലെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്‌കാരങ്ങള്‍ ചിത്ര നേടി. 2005ല്‍ പത്മശ്രീ പുരസ്‌കാരവും മലയാളത്തിന്റെ ഈ വാനമ്പാടിയെത്തേടിയെത്തി.

Read More: ‘മേപ്പടിയാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി- ഉണ്ണി മുകുന്ദന് ആശംസയുമായി താരങ്ങൾ

1979-ല്‍ എം.ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ’ എന്ന ഗാനത്തിലൂടെ മലയാളി ഹൃദയങ്ങൾ കീഴടക്കിയ ചിത്ര എന്ന പാട്ടുകാരി പിന്നീട് മലയാള സിനിമയുടെ പ്രധാന ഭാഗങ്ങളിലൊന്നായി മാറി.

Story highlights- padma bhushan wishes to k s chithra