ജലമായും അഗ്നിയായും അവർ വരുന്നു; റിലീസിനൊരുങ്ങി രാജമൗലി ചിത്രം ‘ആർആർആർ’

RRR release date declared

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകർക്കായി ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒക്ടോബർ 13 ന് ചിത്രം പുറത്തിറങ്ങും. സംവിധായകൻ രാജമൗലി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണ് ആർആർആർ.

Read also:തെരുവിൽ കഴിയുന്നവർക്കായ് സ്ലീപ് പോഡുകൾ ഒരുക്കി ഒരു ജനത; മാതൃകയാണ് ഈ ഗ്രാമം

ഡിവിവി എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഡിവിവി ധനയ്യ ആണ് ചിത്രം നിർമിക്കുന്നത്. എം എം കീരവാണി സംഗീതം നിർവഹിക്കുന്നു. 2020 മാർച്ചോടെ ചിത്രീകരണം പ്ലാൻ ചെയ്ത് 2020 ജൂലൈ 30-ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്നു. ഇപ്പോഴിതാ ഒക്ടോബർ 13 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും എന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

Story Highlights: RRR release date declared