‘സാജൻ ബേക്കറി സിൻസ് 1962’ ഫെബ്രുവരി 12ന് തിയേറ്ററുകളിലേക്ക്

January 13, 2021

അജു വർഗീസ്-ലെന കൂട്ടുകെട്ടിലെത്തുന്ന ചിത്രം ‘സാജൻ ബേക്കറി സിൻസ് 1962’വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ഫെബ്രുവരി 12 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. 2020 ഫെബ്രുവരിയിൽ ചിത്രം റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നീളുകയായിരുന്നു.

അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭക്ഷണമാണ് പ്രധാന ഘടകം. സാജൻ ബേക്കറിയുടെ ഇപ്പോഴത്തെ ഉടമകളായ ബെറ്റ്സിയുടെയും ബോബന്റെയും കഥയാണ് സിനിമ പറയുന്നത്. ലെനയും അജുവും ബെറ്റ്സി, ബോബൻ എന്നിവരായി വേഷമിടുന്നു.

ഫണ്‍ന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സായാഹ്നവാര്‍ത്തകളുടെ സംവിധായകന്‍ അരുണ്‍ ചന്തുവാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അജു വർഗീസ് ആണ്.

ബേക്കറിയുടെ പശ്ചാത്തലത്തിൽ പറയുന്ന സിനിമയുടെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിക്കുന്നത് പത്തനംതിട്ട, റാന്നി, തേനി, ബാംഗ്ലൂർ എന്നിവടങ്ങളിലാണ്. കേരളത്തിലെ വളരെ പ്രസിദ്ധമായ പരുമല പള്ളി പെരുന്നാളും സിനിമയുടെ ആവശ്യങ്ങൾക്കായി ചിത്രീകരിച്ചിരുന്നു. ലളിതമായ ഗ്രാമീണ പശ്ചാത്തലത്തിൽ പറയുന്ന കഥയിൽ കുറെ നന്മയുള്ള മനുഷ്യരുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ അജു വർഗീസിനൊപ്പം ഗണേഷ് കുമാറും അഭിനയിക്കുന്നുണ്ട്.

Read More: ആഘോഷങ്ങൾക്ക് തുടക്കമിട്ട് മാസ്റ്ററിന് രാജകീയ വരവേൽപ്പ്- ആവേശത്തോടെ ആരാധകർ

അതേസമയം അജു വർഗീസ് കേന്ദ്ര കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രമാണ് ആര്‍ട്ടിക്കിള്‍ 21. അടുത്തിടെ ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററും പുറത്തെത്തിയിരുന്നു. ലെനിന്‍ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വോക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും ചേര്‍ന്നാണ് നിര്‍മാണം. അജു വര്‍ഗീസിന് പുറമെ, ലെന, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്‍, മാസ്റ്റര്‍ നന്ദന്‍, രാജേഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അതിഥി കഥാപാത്രമായി ജോജു ജോര്‍ജും ചിത്രത്തിലെത്തുന്നുണ്ട്. വളരെ ഗൗരവമേറിയതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ഒരു വിഷയമാണ് സിനിമയുടെ പ്രമേയം എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. 

Story highlights- sajan bakery since 1962 release date announced