”ഇത് മലയാള സിനിമയിലെ പുതിയ പൂക്കാലത്തിന്റെ തുടക്കം”; ‘പൂമര’ത്തെക്കുറിച്ച് വിനീത് ശ്രീനിവാസൻ

March 20, 2018

കാളിദാസ് ജയറാം നായകനായെത്തിയ ഐബ്രിഡ്‌ ഷൈൻ ചിത്രം ‘പൂമര’ത്തെ പ്രശംസിച്ച് വിനീത് ശ്രീനിവാസൻ. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന പൂമരം വളരെ ഇഷ്ട്ടപ്പെട്ടുവെന്നു പറഞ്ഞുകൊണ്ട്  ഫേസ്ബുക്കിലൂടെയാണ് വിനീത് ശ്രീനിവാസൻ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.മെയിൻ സ്ട്രീം ചിത്രങ്ങളുടെ ചട്ടക്കൂടുകളിൽ നിന്നും മാറി ചിന്തച്ച പൂമരത്തിന് ഭിന്നാഭിപ്രായങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്.എന്നാൽ ഏറെ നാളുകൾക്കു ശേഷമാണ് ഒരു സിനിമയിലെ പാട്ടിന്റെ വരികൾ ഇത്രമേൽ ശ്രദ്ധിക്കുന്നതെന്നും വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു

വിനീത് ശ്രീനിവാസന്റെ കുറിപ്പ് വായിക്കാം 

പൂമരം ഇപ്പോഴാണ് കണ്ടത്. അടുത്ത സുഹൃത്തുക്കളടക്കം പ്രതീക്ഷിക്കാത്ത ചില അഭിപ്രായങ്ങള്‍ ഈ സിനിയെക്കുറിച്ചു പറഞ്ഞിരുന്നു. അവരുടെ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ടു തന്നെ പറയട്ടെ, എനിക്കീ സിനിമ ഒരുപാടിഷ്ടപ്പെട്ടു. നമ്മുടെ സ്ഥിരം കാഴ്ചാനുഭവങ്ങള്‍, മെയിന്‍സ്ട്രീം സിനിമകളില്‍ നിന്നുള്ള പ്രതീക്ഷകള്‍ എന്നിവയില്‍ നിന്നൊക്കെ മാറി സഞ്ചരിക്കുന്ന സിനിമയാണ് പൂമരം.

അതുകൊണ്ടു തന്നെ ഈ സിനിമയ്ക്ക് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാവുന്നതില്‍ അത്ഭുതമില്ല.. ഏറെ നാള്‍ക്ക് ശേഷമാണ്, ഒരു സിനിമ കാണുമ്പോള്‍ പാട്ടിലെ വരികള്‍ ഇത്രയധികം ശ്രദ്ധിക്കുന്നത്. മനോഹരമായ ഒരുപാടു പാട്ടുകളിലൂടെയാണ് പൂമരം മുന്നോട്ടു പോകുന്നത്..
കഥ പറയുന്ന സിനിമകളാണ് നമ്മുടെ ശീലം.. പൂമരം അതല്ല ചെയ്യുന്നത്.. ശീലങ്ങളെ മാറ്റാന്‍, പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറുള്ള പ്രേക്ഷകന് പൂമരം നല്ലൊരു തുടക്കമാണ്.