വിദ്യാർത്ഥികൾക്ക് ശരിക്കും ‘ഭഗവാനാ’യ ഒരു അദ്ധ്യാപകൻ…
തമിഴ്നാട്ടിലെ തിരുവള്ളൂർ, വേളിഗരം സർക്കാർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് അവരുടെ ‘ഭഗവാനെ’ക്കുറിച്ച് പറയാൻ ഏറെയുണ്ട്, ക്ലാസ് റൂമുകൾ പ്രാർത്ഥനാലയങ്ങളും, വീടും, കളിസ്ഥലവുമായ മണിക്കൂറുകൾ… കൂട്ടക്കരച്ചിൽ പൊട്ടിച്ചിരികളായ നിമിഷങ്ങൾ……..പേരുപോലെതന്നെ വിദ്യാർത്ഥികൾക്ക് ദൈവമായ ഒരാൾ…
വേളിഗരം സർക്കാർ ഹൈസ്കൂളിലെ അധ്യാപകനെകുറിച്ചാണ് പറയുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കുമൊക്കെ ഒരുപോലെ ദൈവമായ ഒരു അദ്ധ്യാപകൻ. 28 വയസുകാരനായ ഭഗവൻ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന ഒരു സാധാരണക്കാരനാണ്, കേവലം ഒരു അധ്യാപകനാവുക എന്നതിലുപരി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അറിവ് പകർന്നുകൊടുക്കുക എന്ന ആഗ്രഹവും ഭഗവാനിൽ നിക്ഷിപ്തമായിരുന്നു.
പഠന നിലവാരത്തിൽ പിന്നോക്കമായിരുന്ന വേളിഗരം സർക്കാർ സ്കൂളിനെ നാലു വര്ഷം കൊണ്ട് ഉന്നതിയുടെ കൊടുമുടിയിലെത്തിച്ച ഭഗവാൻ വിദ്യാർത്ഥികൾക്ക് ഒരേസമയം അധ്യാപകനും ജേഷ്ഠനും രക്ഷിതവുമൊക്കെയായി മാറുകയായിരുന്നു. സ്കൂൾ സമയത്തിനപ്പുറം സ്പെഷ്യൽ ക്ലാസ്സുകളും നൈറ്റ് ക്ലാസ്സുകളുമെടുത്ത് ഇംഗ്ലീഷ് ഭാഷ വിദ്യാർത്ഥികളുടെ ഇഷ്ട വിഷയമായി മാറി.
പുതിയ സർക്കാർ ഉത്തരവ് പ്രകാരം 35 കുട്ടികൾക്ക് ഒരു അദ്ധ്യാപകൻ എന്ന നിയമനം വന്നതോടെ ഭഗവാനെ സ്ഥലം മാറ്റി. യാത്രപറഞ്ഞിറങ്ങിയ യുവ അധ്യാപകന്റെ കുട്ടികളും രക്ഷിതാക്കളും ഒന്നടങ്കം തടഞ്ഞു. പോകരുതെന്ന് പറഞ്ഞു അധ്യാപകന്റെ കാലിൽ വീണു കരഞ്ഞ കുട്ടികളുടെ ദൃശ്യങ്ങൾ നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. വിദ്യാർത്ഥികൾക്കുമുന്നിൽ യുവ അധ്യാപകനും പൊട്ടിക്കരഞ്ഞു. മണിക്കൂറുകൾ നീണ്ട സമരത്തിനൊടുവിൽ സ്ഥലം മാറ്റ ഉത്തരവ് സർക്കാരിന് പിൻവലിക്കേണ്ടിവന്നു.
സോഷ്യൽ മീഡിയയിൽ വൈറലായ ഈ അധ്യാപകന് ആശംസകളുമായി എത്തുകയാണ് നിരവധിപ്പേർ.