‘ഞാനിന്ന് അവന്റെ ആരാധകൻ’; ജയസൂര്യയെ പ്രശംസിച്ച് അനൂപ് മേനോൻ

June 19, 2018

രഞ്ജിത്ത് ശങ്കർ ചിത്രം ‘ഞാൻ മേരിക്കുട്ടി’യിലെ അഭിനയത്തിന് ജയസൂര്യയെ പ്രശംസിച്ച് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. ഫേസ്ബുക്കിലൂടെയാണ് താരം ജയസൂര്യ രഞ്ജിത്ത് ടീമിനെ പ്രശംസിച്ചത്.

“ഇന്നലെ “ഞാൻ മേരിക്കുട്ടി” കണ്ടു.
രഞ്ജിത്തിന്റെയും ജയസൂര്യയുടെയും സിനിമ കാണാനാണ് പോയത്. രഞ്ജിത്തിനെ കണ്ടു….. ജയസൂര്യയെ കണ്ടില്ല…..
ഒരു ഭൂത കണ്ണാടിയിലും ആ സിനിമയിൽ ജയസൂര്യ എന്ന വ്യക്തി, നടൻ തെളിയില്ല….

മുന്നിൽ ഇതൾ വിരിയുന്ന കഥയിൽ ‘മേരിക്കുട്ടി” മാത്രം….. ജയസൂര്യ ഇല്ലേയില്ല…..
സിനിമയ്ക്കും മുകളിൽ ‘നടൻ’ ജ്വലിച്ചു നിൽക്കുന്ന അപൂർവ്വ കാഴ്ചകളിൽ ഒന്നാണ് മേരിക്കുട്ടി, ജയസൂര്യയുടെ അഭിനയ മികവിൽ മറ്റെല്ലാം മറന്ന്, സന്ദർഭങ്ങളെയും,ഉപകഥാപാത്രങ്ങളെയും മറന്ന് മേരിക്കുട്ടിയുടെ മനസ്സിനൊപ്പം മാത്രം നടത്തുന്ന ഒരു വൈകാരികയാത്രയാവുന്നു ആ സിനിമ.

ഞാൻ എന്ന സഹപ്രവർത്തകനെ,തിരക്കഥാകൃത്തിനെ ബ്യൂട്ടിഫുള്ളിലും, ട്രിവാൻഡ്രം ലോഡ്ജിലും, ഡേവിഡ് & ഗോലിയത്തിലും, ഗ്യാങ്‌സ് ഓഫ് വടക്കുനാഥനിലും പകർന്നാട്ടങ്ങളിലൂടെ കണ്മുന്നിൽ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ജയൻ പലവട്ടം….
പക്ഷെ ഇന്ന് അത്ഭുതമല്ല… ആദരവാണ്.. ആത്മസുഹൃത്തോ സഹപ്രവർത്തകനോ അല്ല…… ഞാനിന്ന് അവന്റെ ആരാധകനാണ്