‘ഭയം എന്നെ കീഴടക്കാൻ ഞാൻ അനുവദിക്കില്ല,അതെന്റെ തീരുമാനമാണ്’…ക്യാൻസറിനെ കുറിച്ച് ഇർഫാൻ ഖാൻ

June 19, 2018

ലഞ്ച് ബോക്സ്, ദി സോങ്‌സ് ഓഫ് സ്കോർപിയൻസ്, തൽവാർ തുടങ്ങി മികച്ച സിനിമകളിലൂടെ ലോക സിനിമയെത്തന്നെ   ഞെട്ടിച്ച ബോളിവുഡ് താരം ഇർഫാൻ ഖാൻ ഇപ്പോൾ തന്നെ ബാധിച്ച ക്യാൻസർ രോഗത്തെയും ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ജൂണിലാണ് ന്യൂറോ  എൻട്രോക്രൈൻ എന്ന അപൂർവ രോഗം അദ്ദേഹത്തെ ബാധിച്ചത്. താരം തന്നെയാണ് തനിക്ക് ബാധിച്ച രോഗത്തെക്കുറിച്ച് ആരാധകരെ അറിയിച്ചതും . പിന്നീട് ചികിത്സയുടെ ഭാഗമായി ഇർഫാൻ വിദേശത്തേക്ക് പോകുകയായിരുന്നു.

‘ന്യൂറോ എൻട്രോക്രൈൻ ക്യാൻസറാണ് എന്നെ ബാധിച്ചിരിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു, ആദ്യമായാണ് ഇത്തരം രോഗത്തെക്കുറിച്ച് ഞാൻ കേൾക്കുന്നത്. ഈ അസുഖത്തെക്കുറിച്ച് വളരെ കുറവ് കേസ് സ്റ്റഡീസ് മാത്രമാണ് നടന്നിട്ടുള്ളത്. വളരെ അപൂർവമായ രോഗമാണിത്. ചികിത്സയെക്കുറിച്ച് എന്തെങ്കിലും പ്രവചിക്കാൻ കഴിയുകയെന്നതും സാധ്യമല്ല’.’ഞാൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയിൽ ഇതിനെ നേരിടാതിരിക്കുകയെന്നതാണ് ഞാൻ എന്നിൽ നിന്നും പ്രതീക്ഷിക്കുന്ന കാര്യം, എനിക്ക് നിവർന്ന് നിൽക്കണം, ഭയം എന്നെ കീഴടക്കാൻ ഞാൻ അനുവദിക്കില്ല. അതെന്റെ തീരുമാനമാണ്’. ഇർഫാൻ പറഞ്ഞു.

സംവിധായകനും ഇർഫാന്റെ സുഹൃത്തുമായ ഷൂജിത് സിർകാറാണ്‌ ഇർഫാൻ ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നെന്നും, താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി ഇർഫാൻ തിരിച്ചെത്തുമെന്നും പ്രേക്ഷകരെ അറിയിച്ചത്.