തമിഴ് റോക്കേഴ്‌സ് ഉടൻ നിശ്ചലമാകും; സൈബർ വിദഗ്ധർ
പുതിയ സിനിമയുടെ വ്യാജകോപ്പി ഇന്റർനെറ്റിൽ എത്തിക്കുന്ന തമിഴ് റോക്കേഴ്‌സിനെ കുടുക്കാനുറച്ച് തമിഴ്നാട് ഫിലിം കൗൺസിൽ. തമിഴ് റോക്കേഴ്‌സിന് വരുമാനം നൽകുന്ന ഉറവിടങ്ങളെ കണ്ടെത്തിയതായും അവരെ തടയാൻ സാധിച്ചുവെന്നും കൗൺസിലിന്റെ സൈബർ വിദഗ്ധർ ശിവ അറിയിച്ചു. അമേരിക്കയിൽ നിന്നുള്ള പ്രൊപ്പല്ലർ, സാപ്പ് തുടങ്ങിയ പരസ്യക്കമ്പനികളാണ് തമിഴ് റോക്കേഴ്‌സിന് വരുമാനം നല്കിക്കൊണ്ടിരിക്കുന്നത്.
വിദഗ്ദരായ ഒരു കൂട്ടം യുവാക്കളാണ് ഇതിന് പിന്നിലെന്നും ഇവരുടെ ലക്‌ഷ്യം പണം മാത്രമാണെന്നും ഉടൻ തന്നെ ഇവരെ കണ്ടെത്താനാകുമെന്നും ശിവ പറഞ്ഞു. റിലീസ് ചിത്രത്തിന്റെ തിയേറ്റർ കോപ്പി പുറത്തുപോകാതിരിക്കാൻ തിയേറ്ററുകളിൽ സിസിടിവി നിർബന്ധമാക്കാൻ നിർദ്ദേശം നൽകിയതായും ശിവ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം റിലീസായ രജനീകാന്ദ് ചിത്രം ‘കാല’യും റിലീസ് ദിവസം തന്നെ പുറത്തായിരുന്നു. തമിഴ് റോക്കേഴ്‌സിന് പുറമെ തമിഴ് ഗൺ എന്ന സൈറ്റിനെതിരെയും തമിഴ്നാട് ഫിലിം കൗൺസിൽ രംഗത്തെത്തിയിട്ടുണ്ട്.