സ്ക്രീനിന് പുറത്ത് ധർമ്മജൻ ഇനി മത്സ്യകച്ചവടക്കാരൻ; ധർമൂസ് ഫിഷ് ഹബ്ബ് ഉദ്ഘാടനം ചെയ്ത് കുഞ്ചാക്കോ, വീഡിയോ കാണാം
കൊച്ചിക്കാർക്ക് സന്തോഷ വാർത്തയുമായി നടൻ ധർമ്മജൻ ബോൾഗാട്ടി. ഇനി മുതൽ വിഷമില്ലാത്ത മൽസ്യം കൊച്ചിക്കാർക്ക് കഴിക്കാനായി പുതിയ ഫിഷ് ഹബ്ബിന്റെ പ്രവർത്തനമാരംഭിച്ചിരിക്കുകയാണ് ധർമ്മജൻ. ധർമൂസ് ഫിഷ് ഹബ്ബ് എന്ന് പേരിട്ടിരിക്കുന്ന വിൽപ്പന കേന്ദ്രം നടൻ കുഞ്ചാക്കോ ബോബനാണ് ഉദ്ഘാടനം ചെയ്തത്. കൊച്ചി അയ്യപ്പൻ കാവിന് സമീപത്തുള്ള ഫിഷ് ഹബ്ബ് ഇനി മുതൽ കൊച്ചിക്കാർക്ക് വിഷമില്ലാത്ത മത്സ്യം തിന്നാനുള്ള ഒരു സ്ഥാപനമായിരിക്കും.
കുഞ്ചാക്കോ ബോബൻ ഉദ്ഘാടനം ചെയ്ത സ്ഥാപനത്തിലെ ആദ്യ വിൽപ്പന സലീം കുമാറാണ് നിർവഹിച്ചത്. കുഞ്ചാക്കോ ബോബനും സലിം കുമാറിനും പുറമെ ഹൈബി ഈഡൻ എം എൽ എ, കലാഭവൻ ഷാജോണ്, ഗിന്നസ് പക്രു, പാഷാണം ഷാജി, ദേവി ചന്ദന, സുബി സുരേഷ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ തുടങ്ങി നിരവധി സിനിമ രാഷ്ട്രീയ മേഖലയിലെ ആളുകൾ എത്തി. ധർമ്മജനും സുഹൃത്തുക്കളും ചേർന്ന് ആരംഭിക്കുന്ന സ്ഥാപനം, ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷം ചേർത്ത മീനുകൾക്ക് പകരം നല്ല പിടയ്ക്കുന്ന മീനുകൾ ഫ്രഷായിട്ട് നാട്ടുകാർക്ക് നൽകുക എന്ന ഉദ്ദേശത്തോടെ ആരംഭിക്കുന്നതാണ്. ചെറു മീനുകൾ വൃത്തിയാക്കി ഓർഡർ അനുസരിച്ച് വീടുകളിൽ എത്തിക്കുന്നതിനുള്ള സൗകര്യവും ധർമുസ് ഫിഷ് ഹബ്ബ് ഒരുക്കുന്നുണ്ട്.
ഇനിയും പുതുതായി ഫിഷ് കടകൾ തുറക്കുമെന്നും, എറണാകുളത്ത് മാത്രമായി 16 കടകൾ ഉടൻ തുറക്കുമെന്നും പിന്നീട് ഇതിന്റെ പ്രവർത്തനം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും ധർമൂസ് ഫിഷ് ഫബ്ബിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.