ഫ്ളെക്സ് മാറ്റാൻ ഓടുന്ന മെസിയുടെയും റൊണാൾഡോയുടെയും പുതിയ ട്രോളുമായി കണ്ണൂർ കളക്‌ടർ

July 1, 2018

ലോകം മുഴുവൻ ലോകകപ്പിന്റെ ആവേശത്തിലിരിക്കുമ്പോൾ പുതിയ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് കണ്ണൂർ കളക്‌ടർ മീര്‍ മുഹമ്മദ് അലി. ലോകകപ്പിലെ  ടീമുകളോടുള്ള ആരാധന മുഴുവൻ ഇപ്പോൾ കാണുന്നത് ഫ്ലെക്സുകളുടെ രൂപത്തിലാണ് അതുകൊണ്ടു തന്നെ ലോകകപ്പിൽ നിന്നും പുറത്തായ അർജന്റീന പോർച്ചുഗൽ താരങ്ങളായ മെസ്സിയും റൊണാൾഡോയും ഫ്ലെക്സുമാറ്റാൻ ഓടുന്ന ചിത്രമാണ് കളക്‌ടർ  പങ്കുവെച്ചിരിക്കുന്നത്.

അതേസമയം പ്ലാസ്റ്റിക് വിമുക്ത കണ്ണൂർ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ യാഥാർഥ്യമാവുന്നുവെന്നും കളക്‌ടർ ഫേസ്ബുക്കിൽ കുറിച്ചു. പ്ലാസ്റ്റിക് വിമുക്തമായ നാട് സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായി ഫ്ലെക്സുകൾ ഒഴിവാക്കുന്നതിനെക്കുറിച്ച് നേരത്തെ കലക്‌ടർ ആളുകൾക്ക് ബോധവത്കരണം നടത്തിയിരുന്നു. അതിനുപിന്നാലെയാണ് പുതിയ ട്രോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കളക്‌ടർ രംഗത്തെത്തിയത്.

അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട് കളക്‌ടർ പ്രശാന്ത് നായർ ‘ദ് ഫ്ലെക്സ് ചാലഞ്ച്’ എന്ന പരിപാടിയുമായി സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ഫ്ലെക്സ് അടിച്ച് ക്യാഷ് കളയുന്നതിന് പകരം ആ ക്യാഷുകൊണ്ട്  കോഴിക്കോട്ടെ ഐ പി എം ലെ കിടപ്പുരോഗികൾക്ക് ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും വേണ്ടിയുള്ള ചിലവ് നോക്കാനാണ് ഫുട്ബോൾ പ്രേമികളോട് ബ്രോ അപേക്ഷിച്ചത്. ആരാധകരോട് മാത്രമല്ല ഫ്ളെക്സ് നിർമ്മാതാക്കളോടും ഈ സീസണിൽ നല്ല കച്ചവടം കിട്ടിയതിന്റെ ഒരു ഭാഗം നല്ല കാര്യത്തിന് വേണ്ടി ഉപയോഗിക്കാനും കളക്‌ടർ  ബ്രോ ആവശ്യപ്പെട്ടിരുന്നു.