ഇഷ്ടതാരത്തിന്റെ പിറന്നാൾ വ്യത്യസ്ഥമാക്കി ഒരു കൂട്ടം ചെറുപ്പക്കാർ…

July 24, 2018

തമിഴ് സിനിമ ലോകത്തെ സൂപ്പർ താരം സൂര്യയുടെ പിറന്നാൾ ഇന്നലെയായിരുന്നു. താരത്തിന്റെ  ജന്മദിനത്തില്‍ വ്യത്യസ്ഥമായ ആഘോഷ രീതികളുമായി എത്തിയിരിക്കുകയാണ് ഓള്‍ കേരള സൂര്യ ഫാന്‍സ് അസോസിയേഷന്‍.  തങ്ങളുടെ ഇഷ്ട താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച്‌ തലശേരി ജനറല്‍ ആശുപത്രിയിലെ അഞ്ച് നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ മോതിരം സ്നേഹ സമ്മാനമായി നല്‍കിയിരിക്കുകയാണ് ഫാൻസ്‌ അസോസിയേഷൻ. ഞായറാഴ്‌ച്ച രാത്രി 12 മണിക്ക് ശേഷം ജനിച്ച അഞ്ചു കുഞ്ഞുങ്ങൾക്കാണ് സ്വർണ മോതിരം സമ്മാനമായി നൽകിയത്.

തമിഴ് സിനിമയുടെ രാജാവായി മാറിയ സൂര്യയ്ക്ക്  ലോകമെമ്പാടുമുള്ള ആരാധകർ പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി  എത്തിയിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി താരത്തിന്റെ പിറന്നാൾ ഗംഭീരമാക്കിയിരിക്കുകയാണ് കേരളത്തിലെ ഒരു കൂട്ടം ചെറുപ്പക്കാർ. കുട്ടികൾക്ക് സ്വർണ മോതിരം നൽകിയതിന് പിന്നാലെ  ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കായി ഓട്ടോറിക്ഷ സൗജന്യമായി സര്‍വീസ് നടത്തുകയും ചെയ്തു.

1997 ൽ നേർക്കുനേർ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച സൂര്യ വ്യത്യസ്ഥ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. കുറഞ്ഞ കാലയളവുകൊണ്ടു തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം നടനായും നിർമ്മാതാവും അവതാരകനായും തമിഴ് സിനിമ ലോകത്ത് തന്റേതായ സാന്നിധ്യം ഉറപ്പിച്ചു. തമിഴ് നടി ജ്യോതികയാണ് ഭാര്യ. ഗജനി, ഏഴാം അറിവ്, സിങ്കം, വാരണം ആയിരം തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.