ഒരു മാസ്റ്റർ ബ്ലാസ്റ്റർ ക്ലിക്ക്; സച്ചിനൊപ്പമുള്ള സൂര്യയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

February 16, 2023

നടൻ സൂര്യയും ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിനും ഒരുമിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മുംബൈയിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. സൂര്യ തന്നെയാണ് ചിത്രം പങ്കുവെച്ചത്. ‘ബഹുമാനവും സ്നേഹവും’ എന്ന കുറിച്ചു കൊണ്ടാണ് സൂര്യ മാസ്റ്റർ ബ്ലാസ്റ്റർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. വളരെ പെട്ടെന്ന് ആരാധകർ ചിത്രം ഏറ്റെടുക്കുകയായിരുന്നു.

അതേ സമയം പ്രേക്ഷകർ ഏറെ കാത്തിരുന്ന ബാലയുടെ ‘വണങ്കാൻ’ എന്ന ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറിയിരുന്നു. ബാല തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. “കഥയിലെ ചില മാറ്റങ്ങള്‍ കാരണം സൂര്യക്ക് അത് ചേരുമോ എന്ന ആശങ്ക എനിക്കുണ്ട്. എന്നിലും കഥയിലും സൂര്യക്ക് ഇപ്പോഴും പൂര്‍ണ വിശ്വാസമുണ്ട്. പക്ഷേ എന്നെ ഇത്രയധികം സ്‍നേഹിക്കുന്ന അനുജന് ഞാൻ കാരണം ഒരു മോശവും ഉണ്ടാകരുത് എന്നത് സഹോദരനായ എന്റെ കടമയാണ്. ‘വണങ്കാൻ’ എന്ന സിനിമയില്‍ നിന്ന് സൂര്യ പിൻമാറാൻ ഞങ്ങള്‍ രണ്ടുപേരും ചര്‍ച്ച ചെയ്‌ത്‌ ഏകകണ്ഠമായി തീരുമാനിച്ചു. വല്ലാത്ത സങ്കടമുണ്ടെങ്കിലും എന്റെ താല്‍പര്യം മുൻനിര്‍ത്തിയുള്ള തീരുമാനം തന്നെയാണ് അത്”- ബാല കുറിച്ചു.

Read More: ബറോസിന് സംഗീതം പകരാൻ മന്ത്രികനെത്തി- സംഗീത സംവിധായകനെ പരിചയപ്പെടുത്തി മോഹൻലാൽ

വിക്രമിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ബാലയുടെ പിതാമകനിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ സൂര്യ അവതരിപ്പിച്ചിരുന്നു. 18 വർഷങ്ങൾക്ക് ശേഷമാണ് ബാലയും സൂര്യയും മറ്റൊരു ചിത്രത്തിനായി വീണ്ടും ഒരുമിക്കാനിരുന്നത്. സൂപ്പർ ശരണ്യ അടക്കമുള്ള മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മമിത ബൈജുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. സൂര്യയുടെ ഇതിന് മുൻപിറങ്ങിയ ചിത്രങ്ങളിലും നടിമാരിൽ മലയാളി സാന്നിധ്യമുണ്ടായിരുന്നു. അപർണ ബാലമുരളി, ലിജോമോൾ ജോസ്, പ്രയാഗ മാർട്ടിൻ എന്നിവരാണ് ഇതിന് മുൻപിറങ്ങിയ സൂര്യയുടെ ചിത്രങ്ങളുടെ ഭാഗമായിരുന്ന മലയാള നടിമാർ.

Story Highlights: Surya shares photo with sachin