സോഷ്യൽ മീഡിയയിലൂടെ തരംഗമായ ആലപ്പുഴക്കാരൻ ഗായകൻ അവസാനം ശങ്കർ മഹാദേവനൊപ്പം പാടി

July 4, 2018

ദിവസങ്ങൾക്കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമായി തീർന്ന ആലപ്പുഴക്കാരൻ ഗായകൻ ഇപ്പോൾ ശങ്കർ മഹാദേവനൊപ്പം പാടിയിരിക്കുകയാണ്. തന്റെ സ്വപ്നം സാഫല്യമായതിന്റെ സന്തോഷത്തിലാണ്  രാകേഷ് ഉണ്ണി.  ഇന്നലെ കൊച്ചിയിലെ ഹയാത് ഹോട്ടലിൽ വച്ച് നടന്ന സം​ഗീത പരിപാടിയിലാണ് ശങ്കർ മഹാദേവൻ ഒപ്പം പാടാൻ രാകേഷിനെ വിളിച്ചത്.’എന്നെ വിളിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. ഇന്നലെ പെട്ടെന്നാണ് കോൾ വന്നത്. മൂന്ന് പാട്ട് പാടി. അതിലൊരെണ്ണം അദ്ദേഹത്തോടൊപ്പമാണ് പാടിയത്.” രാകേഷ് പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ താരമായ രാകേഷിനെത്തേടി   ഉലകനായകൻ സാക്ഷാൽ കമലഹാസനും നേരത്തെ എത്തിയിരുന്നു. കമലഹാസന്റെ വിശ്വരൂപം 2 ലെ ഗാനം പാടി സോഷ്യൽ മീഡിയ വഴി ഹിറ്റായ താരമാണ് രാകേഷ്. രാകേഷിൻറ് പാട്ട് കേട്ട് രാകേഷിനെത്തേടി ഗോപി സുന്ദറും ശങ്കർ മഹാദേവനും നേരത്തെ എത്തിയിരുന്നു.

ജോലിക്കിടയിൽ അസാധ്യമായി പാട്ടുപാടിയ ആ സാധാരണക്കാരനെ ക്ഷണിച്ച്  ചെന്നൈയിെലത്തിച്ച് ആ പാട്ടിന്റെ മാധുര്യം നേരിട്ടനുഭവിച്ചു ഉലകനായകൻ കമലഹാസൻ. രാകേഷ് കമല്‍ഹാസന് മുന്നില്‍ പാടുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.  കമല ഹസൻ ചിത്രം വിശ്വരൂപത്തിലെ ‘ഉനൈ കാണാമെ’ എന്ന ഗാനം ആലപിച്ച് സമൂഹ മാധ്യമത്തിലൂടെ വൈറലായ രാകേഷാണ് ഇപ്പോൾ താരമായിരിക്കുന്നത്. പിന്നീട്  രാകേഷ് ഉണ്ണി ആലപിച്ച അന്യന്‍ എന്ന സിനിമയിലെ ‘ഓ സുകുമാരി’ എന്ന ഗാനവും സോഷ്യൽ മീഡിയയിൽ  വൈറലായിരിന്നു . ശങ്കർ മഹാദേവന് വേണ്ടിയാണ് രണ്ടാം തവണ താരം ഗാനമാലപിച്ചത്.

ശങ്കര്‍ മഹാദേവന് രാകേഷ് ഉണ്ണിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചുവെന്നും വൈകാതെ തന്നെ തന്റെയൊപ്പം ഒരു ചിത്രത്തില്‍ ഗാനം ആലപിക്കുവാന്‍ രാകേഷും ഉണ്ടാവുമെന്നും ശങ്കര്‍ മഹാദേവന്‍ നേരത്തെ രാകേഷിന്  ഉറപ്പു നല്‍കിയിരുന്നു. ഇന്ത്യയിലെ മുന്‍നിര ഗായകരില്‍ ഒരാളായ ശങ്കര്‍ മഹാദേവന്‍  മുമ്പ് രാകേഷിന്റെ ഗാനം ട്വിറ്ററില്‍ തന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഗാനം കേട്ടതിനു ശേഷം ഏറെ അഭിമാനം തോന്നിയെന്നും രാകേഷിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

ഒരു പറമ്പിലിരുന്ന് രാകേഷ് പാടിയ പാട്ട് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. വളരെ മനോഹരമായ രാകേഷിന്റെ ഗാനം കണ്ട സംഗീത സംവിധായകൻ ഗോപി സുന്ദരാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇയാളുടെ വീഡിയോ പോസ്റ്റ് ചെയ്ത്. തനറെ അടുത്ത സിനിമയിൽ പാടാൻ  ഈ വലിയ ഗായകനെ കണ്ടെത്തി തരണമെന്ന് ഗോപി സുന്ദർ  ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളാണ് ആലപ്പുഴ സ്വദേശി രാകേഷ് ഉണ്ണി എന്ന ഈ വലിയ ഗായകനെ കണ്ടെത്തിയത്. രാകേഷിന്റെ നമ്പറും ഫേസ്ബുക്ക് പേജിന്റെ ചിത്രവുമടക്കം സുഹൃത്തുക്കൾ ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പേജിലെത്തി. ഉടൻ തന്നെ ഗോപി സുന്ദർ ആരാധകർക്ക് നന്ദി പറയുകയും ചെയ്തു.