റെക്കോർഡും തകർത്ത് ‘സഞ്‍ജു’ കുതിക്കുന്നു…

July 14, 2018

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച  ചിത്രമാണ് ‘സഞ്ജു’. റിലീസ് ചെയ്ത് പതിനഞ്ച് ദിവസത്തിനുള്ളിൽ 500 കോടി കളക്ഷൻ നേടി റെക്കോർഡുകൾ സൃഷ്ടിച്ച്  മുന്നേറുകയാണ് സഞ്ജു. രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂറാണ് നായകനായെത്തുന്നത്. സഞ്ജയ് ദത്തിന്റെ കൗമാരം മുതൽ ജയിൽ വാസം വരെയുള്ള കാര്യങ്ങളാണ് ചിത്രത്തിന്റ പ്രമേയം..

ആഗോള റിലീസിലൂടെ  500 കോടി കളക്ഷൻ നേടിയിരിക്കുന്ന ചിത്രം ഇന്ത്യയിൽ ഇതിനോടകം  300 കോടി ക്ലബ്ബിൽ ക‍യറുകയും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ 2018 ലെ  ഏറ്റവും വലിയ ഓപ്പണിങ്ങ് കളക്ഷനാണ് ചിത്രം നേടിയത്. ഓപ്പണിങ്ങ് കളക്ഷനില്‍ സൽമാൻ ഖാൻ ചിത്രം  റേസ് 3 യെ സഞ്ജു  മറികടന്നിരുന്നു. റേസ് 3 ആദ്യദിനം നേടിയത് 29.17 കോടിയാണ് എന്നാൽ സഞ്ജു 34.75 കോടിയാണ് ആദ്യ ദിനം സ്വന്തമാക്കിയത്. ഒറ്റ ദിവസം കൊണ്ട് ബോളിവുഡ് സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ഇതോടെ ബാഹുബലി 2 ന്റെ റെക്കോർഡും സഞ്ജു മറികടന്നു.

ചിത്രത്തിലെ രൺബീർ കപൂറിന്റെ സഞ്ജയ് ദത്തിലേക്കുളള വേഷപ്പകർച്ചയാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. ചിത്രം റിലീസാവുന്നതിന് മുമ്പ് തന്നെ ചിത്രത്തിൽ രൺബീറിന്റെ സഞ്ജുവിലേക്കുള്ള മാറ്റം പ്രശംസ നേടിയിരുന്നു.