സ്ത്രീകൾക്ക് വീണ്ടും ആശ്വാസം; ആദ്യ ഹൈടെക്ക് ബസ് കാത്തിരിപ്പ് കേന്ദ്രമൊരുക്കി സർക്കാർ
കേരളത്തിലെ സ്ത്രീകൾക്ക് മാത്രമായി പുതിയ ഹൈ ടെക്ക് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ച് കേരള സർക്കാർ. തിരുവനന്തപുരത്തെ കഴകൂട്ടത്താണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റ ഭാഗമായി നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രത്തിൽ രണ്ട് ശുചിമുറിയും, അമ്മമാർക്ക് കുട്ടികൾക്ക് മുലയൂട്ടുന്നതിനായി പ്രത്യേക സ്ഥലവും, സാനിറ്ററി നാപ്കിനുകൾ നിക്ഷേപിക്കുന്നതിനായുള്ള സൗകര്യവും ഒരുക്കിയതിന് പിന്നാലെ ഇഷ്ടം പോലെ പാട്ട് കേൾക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയാണ് പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്തെ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക പദ്ധതിയുമായി സംസ്ഥാന വിനോദ സഞ്ചാര വികസന കോര്‍പ്പറേഷനും നേരത്തെ മുന്നോട്ട് വന്നിരുന്നു. കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്കു വേണ്ടി ഒരു ഹോട്ടല്‍ എന്ന പുതിയ പദ്ധതിയുമായി കെ ടി ഡി സി മുന്നോട്ട് വന്നത്. തലസ്ഥാന നഗരിയിലെ തമ്പാനൂരുള്ള കെ ടി ഡി എഫ്സി ക്ലോംപ്ലക്സിലാണ് സ്ത്രീകള്‍ക്ക് മാത്രമായി ഹോട്ടല്‍ ആരംഭിക്കുന്നത്. ഹോസറ്റസ് എന്ന് പേരിട്ടിരിക്കുന്ന ഹോട്ടൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ളതായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
ഇതിന് പുറമെ മറ്റ് സ്ഥലങ്ങളിലേക്കും ഹൈടെക്ക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ആരംഭിക്കാൻ ആലോചിക്കുന്നതായും നഗര സഭാ മേയർ അറിയിച്ചു. കേരളത്തിലെ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്ന ഉദ്യേശത്തോടെ കേരള സർക്കാർ നിരവധി പരിപാടികളുമായാണ് ഇപ്പോൾ മുന്നോട്ട് വരുന്നത്.