ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് കൂട്ടായി ഈ സിനിമാതാരങ്ങളും..

August 13, 2018

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ആളുകൾക്ക് സഹായ ഹസ്തവുമായി മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരങ്ങളും. ജില്ലാ ഭരണകൂടത്തോടൊപ്പം അന്‍പോടു കൊച്ചിയിലെ സംഘങ്ങൾക്കൊപ്പം  മലയാള സിനിമാ താരങ്ങളായ  പാര്‍വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശൻ എന്നിവർ കഴിഞ്ഞ ദിവസം പ്രകൃതിക്ഷോഭത്തില്‍ വലയുന്നവർക്ക് സഹായഹസ്തവുമായി നടന്ന പ്രവര്‍ത്തന പരിപാടികളില്‍ പങ്കാളികളായിരുന്നു. കൊച്ചിയില്‍ മാത്രം ദുരിത ബാധിതകര്‍ക്കായി അറുപതില്‍ അധികം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സ്‌പെഷ്യല്‍ ഓഫിസര്‍ എം.ജി.രാജമാണിക്ക്യം എന്നിവരുടെ നേതൃത്വത്തില്‍ ആണ് പരുപാടി നടത്തിയത്.

അതേസമയം  നടനും ‘അമ്മ സംഘടനയുടെ പ്രസിഡന്റുമായ മോഹൻലാൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് 25 ലക്ഷം രൂപ ധന സഹായമായി നൽകി. എറണാകുളം ജില്ലയിലെ പറവൂര്‍ തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ ദിവസം  നേരിട്ടെത്തിയ നടൻ മമ്മൂട്ടി അവിടുത്തെ ആളുകളുടെ ദുരിതം കാണുകയും ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായ വാഗ്ദാനം നല്‍കുകയും ചെയ്തു. മമ്മൂട്ടിയും മകൻ ദുൽഖറും ചേർന്ന് 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വിനായകൻ, ജയസൂര്യ, ഐശ്വര്യ തുടങ്ങി നിരവധി താരങ്ങൾ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി എത്തിയിരുന്നു.

ടൊവിനോ തോമസ് നായകനായി എത്തുന്ന മറഡോണ, ഫഹദിന്റെ വരത്തൻ തുടങ്ങിയ സിനിമകളുടെ കളക്ഷനിൽ നിന്ന് നല്ലൊരു ശതമാനം ദുരിതക്കയത്തിൽ അകപ്പെട്ടവർക്ക് നൽകുന്നതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.

കേരളത്തിൽ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് ധന സഹായവുമായി തമിഴകത്തുനിന്ന് നടന്മാരായ സൂര്യ, അനുജൻ കാർത്തി തുടങ്ങി നിരവധി താരങ്ങളും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. സൂര്യയും കാർത്തിയും ചേർന്ന് 25 ലക്ഷം രൂപയാണ് കേരളത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി നൽകുന്നത്.

 

Need help!! #doforkerala#anbodukochi

A post shared by RAMYA NAMBESSAN (@ramyanambessan) on