‘മിയ നീ എവിടെയായിരുന്നു…’ നായയെ നെഞ്ചോട് ചേര്‍ത്ത് ഉടമ; പ്രളയക്കെടുതിയിലെ അപൂര്‍വ്വ സ്‌നേഹകഥയുടെ വീഡിയോ

August 25, 2018

ചില സ്‌നേഹത്തിനു മുമ്പില്‍ തോറ്റുപോകുന്നവരാണ് പലരും. കേരളത്തെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയക്കെടുതിക്കിടയിലെ ഒരു അപൂര്‍വ്വ സ്‌നേഹത്തെക്കുറിച്ചുള്ള കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം. പ്രളയത്തില്‍പ്പെട്ട ഒരു നായയെ മനസോടെയല്ലാതെ രക്ഷിക്കാനിറങ്ങിയ ഒരാളുടെ കുറിപ്പും വീഡിയോയുമാണ് എവരുടെയും ഇഷ്ടം പിടിച്ചെടുക്കുന്നത്. ഉടമയും നായയും തമ്മിലുള്ള സ്‌നേഹനിമിഷങ്ങള്‍ കണ്ട് രക്ഷിച്ച ആളിന്റെ പോലും മനസ് മാറിയതായാണ് കുറിപ്പ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

“എന്ത് കൊണ്ടും മനുഷ്യരെക്കാള്‍ നന്ദിയും,സ്‌നേഹവുമുള്ള വര്‍ഗമാണ് നായ നാട്ടിലെ പ്രളയഭീതിയില്‍ അപകടത്തില്‍ നിന്നും ചില അപകടങ്ങള്‍ ഒഴികെ മനുഷ്യ സാധ്യമായവരെല്ലാം കയറി പോന്നു.. എന്നാല്‍ ഈ പ്രളയത്തിന്റെ നഷ്ടങ്ങളിലൊരിടത്തും കയറി പറ്റാന്‍ കഴിയാതെ പോകുന്നവരാണ് വളര്‍ത്തു മൃഗങ്ങള്‍.

ഇന്ന് ചാലക്കുടിയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് തിരികെ പോരാന്‍ നില്‍ക്കുമ്പോഴാണ് നിഖിലിന്റെ ഫോണിലേക്ക് വെട്ടുകടവ് പാലത്തിനടുത്ത് ഒരു നായ കുടുങ്ങി കിടപ്പുണ്ട്, റെസ്‌ക്യൂ ടീമിന്റെ സഹായം വേണമെന്നറിയച്ചത്. പ്രളയകാലത്ത് മനുഷ്യരെ രക്ഷിക്കാന്‍ കഴിയാത്തതിന്റെ വിഷമം ഉള്ളിലുള്ള തിരുവനന്തപുരത്ത് കുടുങ്ങിപ്പോയ നിധിന്‍ പുല്ലന്‍ പറഞ്ഞു. വണ്ടിയെടുക്ക് ചേട്ടാ നമുക്ക് രക്ഷിക്കാം.

ഒരു നായയുടെ കാര്യമല്ലേ, എത്ര മൃഗങ്ങളുടെ ജഡങ്ങള്‍ കരക്കടിഞ്ഞു, ഇതിലിപ്പോ എന്താണുള്ളത്…ഞാന്‍ മനസില്ലാ മനസോടെ വണ്ടിയെടുത്തു…ചെല്ലുമ്പോള്‍ വെട്ടുകടവ് പാലത്തിന്റെ നടുവിലെ തൂണിന് താഴെയായി മരവും, ചവറും അടിഞ്ഞ് കൂടിയതിന് നടുവില്‍ കറുത്ത ഒരു നായ…ഞങ്ങള്‍ വടമന്വേഷിച്ചു, പല വഴികള്‍ ചിന്തിച്ചു..മനുഷ്യനല്ലല്ലോ കുടുങ്ങിയത് നായയല്ലേ..?

വടം കിട്ടിയില്ല…ഞങ്ങള്‍ ഇറങ്ങി ഒരു ചെറിയ പ്ലാസ്റ്റിക്ക് കയറുമായി. പുല്ലന്‍ ദീര്‍ഘത്തിലേക്ക്, ഒഴുക്കിലേക്കിറങ്ങി നീന്തി…പിന്നാലെ ഞാനും വെള്ളത്തില്‍ ചാടി പകുതിയില്‍ എന്റെ മുണ്ടഴിഞ്ഞ് കാലില്‍ ചുറ്റി ഞാന്‍ ഒഴുക്കിലേക്ക് വലിച്ചെറിയപ്പെട്ട പോലെ തോന്നി…ഉള്ള ശക്തിയെടുത്ത് നീന്തി ഞാന്‍ കരപറ്റി…പുല്ലനപ്പോള്‍ കിട്ടിയ പ്ലാസ്റ്റിക്ക് കയര്‍ കൊണ്ടാരു കുരുക്കിട്ട് നായയെ വലിച്ചെടുക്കാന്‍ തുടങ്ങിയിരുന്നു.

ഏറെ ശ്രമങ്ങള്‍ക്കൊടുവിലവന്‍ നായയെ കരയിലെത്തിച്ചു.
എങ്ങനെയെല്ലാമോ റോഡിലേക്ക് അടുപ്പിച്ചു.കൂടിയിരുന്ന കാഴ്ചക്കാര്‍ കയ്യടിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ എങ്ങനെയും നായയെ ആരെയെങ്കിലും ഏല്‍പ്പിക്കാന്‍, ഇനി ഇതിനെ തലയില്‍ നിന്നൊഴിവാക്കാന്‍ നില്‍ക്കുമ്പോള്‍ വഴിയാത്രക്കാരിലൊരാള്‍ നായയുടെ ഉടമസ്ഥനെ തിരിച്ചറിഞ്ഞു. പത്ത് മിനിറ്റിനകം ഉടമസ്ഥന്‍ ഹാജരായി.

‘മിയ, എവിടെയായിരുന്നു… ഉടന്‍ ആ നായ എന്റെ കയ്യില്‍ നിന്നും കുതറി ഉടമയുടെ അരികിലേക്കോടി. കാലുകള്‍ ഉയര്‍ത്തി ആ മനുഷ്യന്റെ നെഞ്ചില്‍ വച്ചു. അതവര്‍ക്കിടയിലെ ഭാഷയില്‍ ആലിംഗനമായിരുന്നു. അയാള്‍ നഷ്ടമായ മകളെ തിരികെ കിട്ടിയ ആനന്ദം പോലെ പൊട്ടി കരയുന്നു.ഏങ്ങലടിച്ച് കരയുന്ന ആ മനുഷ്യനെ ആശ്വസിപ്പിക്കും പോലെ മിയ പറ്റി ചേര്‍ന്ന് നിന്നു…

അവസാനിക്കാത്ത മനുഷ്യസ്‌നേഹം എന്ന് പരിമിതമായ നമ്മുടെ പദസമ്പത്തുകളോട് എനിക്കപ്പോള്‍ എന്തെന്നില്ലാത്ത അവജ്ഞ തികട്ടി വന്നു…സ്‌നേഹം മനുഷ്യനും മനുഷ്യനും മാത്രമായി സംവരണപ്പെട്ട ഒരാശയമല്ല, അതിന് സാര്‍വ്വത്രികമായ ഒരു നൂല്‍പ്പാലം നെയ്ത ഒട്ടേറെ ജീവിതങ്ങളുണ്ട്…

സ്‌നേഹത്തിന് സംവദിക്കാന്‍ അക്ഷരങ്ങളും വാക്കുകളും ലിപികളും വേണ്ട….
അതൊരു കണ്ണീര്‍ തുള്ളിയായി ആന്റോ ചേട്ടനിലൂടെ കിനിഞ്ഞ്, ആലിംഗനമായി മിയയിലൂടെ പകര്‍ന്ന്, സഹജീവിയുടെ അപകടകരമായ ജീവിതാവസ്ഥയോട് അസ്വസ്ഥനായി ഒഴുക്കിനെതിരെ നീന്തി, കയറില്‍ കുരുക്കി കരയിലേക്കെത്തുന്ന നിധിന്‍ പുല്ലനിലൂടെ ചംക്രമണം ചെയ്യപ്പെടുന്ന പ്രളയമാണ്…

എല്ലാ മനുഷ്യനും ഒന്നാകാന്‍ പ്രേരിപ്പിക്കപ്പെടുന്ന കാലത്തും അസമയത്തെ വെറുപ്പിന്റെ പ്രചാരകര്‍ക്കെതിരെ കേരളം അതിജീവിക്കാന്‍ പ്രാപ്തി നേടുന്നതും ഇവരിലൂടെയെല്ലാമാണ്….!