പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ ബോളിവുഡ് താരങ്ങളും
പ്രളയം ഉലച്ച കേരളത്തിന് ബോളിവുഡ് താരങ്ങള്‍ നല്കുന്ന കൈത്താങ്ങ് ചെറുതൊന്നുമല്ല. നിരവധി താരങ്ങളാണ് കേരളത്തിന് സഹായവുമായി രംഗത്തെത്തിയത്. മലയാളി ആരാധകര്‍ ഏറെയുള്ള അമിതാഭ് ബച്ചനും ആലിയ ഭട്ടും ദുരിതത്തിലായവര്‍ക്ക് അവശ്യവസ്തുക്കള്‍ അയച്ചു. റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തിലുള്ള റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന് വഴിയാണ് ഈ താരങ്ങള്‍ കേരളത്തിലേക്ക് സാധനങ്ങള്‍ അയയ്ക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ജെറ്റ് എയര്‍വേയ്സ് വഴി സാധനങ്ങളെത്തും.
കേരളത്ത സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് റസൂല്‍ പൂക്കുട്ടി ബോളിവുഡ് താരങ്ങളെ സമീപിച്ചിരുന്നു. താരങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ബോളിവുഡ് താരങ്ങളുടെ കൈത്താങ്ങിനെക്കുറിച്ച് റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ: ‘ പ്രതീക്ഷിക്കാത്ത നിരവധി സഹായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബച്ചന്, ആലിയ, ദ നേച്ചേഴ്സ് ഓണ്‍ ഫൗണ്ടേഷന് എന്നിവര്‍ നല്കിയ സാധനങ്ങള്‍ സൗജന്യമായി മുംബൈല്‍ നിന്ന് തിരുവനന്തപുരത്തേക്ക് ജെറ്റ് എയര്‍വേയ്സ് വഴി എത്തും’. ജെറ്റ് എയര്‍വേയ്സിനും നരേഷ് ഗോയലിനും റസൂല്‍ പൂക്കുട്ടി നന്ദി അറിയിച്ചു. ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്നത് വെറുമൊരു ടാഗ് ലൈനല്ല. ഇതാണ് ഇന്ത്യയുടെ ശരിയായ ആവേശമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Where else do you see such unity, thank you so much @jetairways and Shri#NareshGoyal for rising to the occasion #IncredibleIndia is not a tagline, it’s the true spirit of India, relief materials been loaded by ##@jetairways employees in Mumbai. pic.twitter.com/k6C7XQo8Go
— resul pookutty (@resulp) 23 August 2018
മലയാള താരങ്ങള്‍ക്ക് പുറമെ കാര്‍ത്തി, സൂര്യ, സുശാന്ത് സിംഗ് രജ്പുത്ത്, വിജയ് ദേവേരക്കൊണ്ട, കമല്ഹാസന്, വിജയ്, വിജയ്കാന്ത്, ഋഷി കപൂര്‍, റണ്‍ബീര്‍ കപൂര്‍, നയന്‍താര, രോഹണി തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
സിനിമാരംഗത്തിന് പുറമെ കായികരംഗത്തു നിന്നും കേരളത്തിന് ലഭിക്കുന്ന പിന്തുണയും സഹായങ്ങളും ചെറുതല്ല. പ്രളയക്കെടുതിയില്‍ ദുരിത്തതിലായ മൃഗങ്ങളെ സംരക്ഷിക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെയും ഭാര്യ അനുഷ്ക ശര്‍മ്മയുടെയും തീരുമാനം. ഇരുവരും ദുരിതാശ്വസ ഫണ്ടിലേക്ക് തങ്ങളുടെ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ സ്പോണ്സര് ചെയ്യുന്നതിനുപുറമെ മൃഗങ്ങളെ സഹായിക്കുന്നതിന് ഭക്ഷണവും മരുന്നുമടങ്ങിയ ഒരു ട്രക്കും ദമ്പതികള്‍ സ്പോണ്സര് ചെയ്യുന്നുണ്ട്. ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ലഭിച്ച വിജയവും ക്യാപ്റ്റന്‍ കോഹ്ലി കേരളത്തിന് സമര്‍പ്പിച്ചിരുന്നു. കൂടാതെ താരങ്ങളുടെ മാച്ച് ഫീസും ദുരിതബാധിതര്‍ക്കായി സംഭാവന ചെയ്തു.
കേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍താരം എ.ബി ഡിവില്ലിയേഴ്സ്, ഇംഗ്ലണ്ട് താരങ്ങളായ ഒയിന്‍ മോര്ഗന്, കെവിന് പീറ്റേഴ്സന്, അഫ്ഗാന്, താരം റാഷിദ് ഖാന് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.