ആദ്യമെത്തുക ‘രണം’ പിന്നാലെ ‘തീവണ്ടി’യും; ഓണച്ചിത്രങ്ങളുടെ പുതുക്കിയ റിലീസ് തീയതികള്‍

August 26, 2018

പ്രളയക്കെടുതിയില്‍ മുങ്ങിപ്പോയത് ഒരുപിടി ഓണച്ചിത്രങ്ങള്‍ കൂടിയാണ്. കേരളത്തെ ഉലച്ച പ്രളയത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ടത് പതിനൊന്നോളം മലയാള ചലച്ചിത്രങ്ങളാണ്. ഇതില്‍ ബിഗ് ബജറ്റ് ചിത്രങ്ങളും ഉള്‍പ്പെട്ടിരുന്നു. അതിജീവനത്തിന്റെ നുറുങ്ങുവെട്ടങ്ങള്‍ കേരളത്തില്‍ തെളിഞ്ഞുതുടങ്ങിയതോടെ ഓണച്ചിത്രങ്ങളുടെ പുതുക്കിയ റിലീസ് തീയതിയും പ്രഖ്യാപിച്ചു.

മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവിനോ, പൃഥ്വിരാജ്, നിവിന്‍ പോളി, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളുടെ പുതുക്കിയ തീയതിയാണ് പ്രഖ്യാപിച്ചത്. മിക്ക ഓണച്ചിത്രങ്ങളും സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും. എന്നാല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍-നിവിന്‍ പോളി നായകരാകുന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ ബിഗ് ബജറ്റ് ചിത്രം ‘കായംകുളം കൊച്ചുണ്ണി’ ഒക്ടോബര്‍ 11 നാണ് തീയറ്ററുകളിലെത്തുക.

പ്രത്വിരാജ് നായകനാകുന്ന നിര്‍മല്‍ സഹദേവ് ചിത്രം ‘രണ’മാണ് ആദ്യം റിലീസ് ചെയ്യുന്ന ഓണച്ചിത്രം. സെപ്റ്റംബര്‍ ആറിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് ടൊവിനോ നായകനാകുന്ന ‘തീവണ്ടി’ തീയറ്ററുകളിലെത്തും.

‘ഇയോബിന്റെ പുസ്തകം’ എന്ന സിനിമയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ‘വരത്തന്‍’ സെപ്റ്റംബര്‍ 20 ന് റിലീസ് ചെയ്യും. ഇതിനുപുറമെ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘മാംഗല്യം തന്തുനാനേന’, ‘ജോണി ജോണി എസ് പപ്പ’ എന്നീ ചിത്രങ്ങളും ഇരുപതിന് റിലീസ് ചെയ്യും.

മോഹന്‍ലാല്‍ നായകനാകുന്ന രഞ്ജിത്ത് ചിത്രം ‘ഡ്രാമ’, പ്രശോബ് വിജയന്‍ ചിത്രം ‘ലില്ലി’, വിനയന്‍ ചിത്രം ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്നീ സിനിമകള്‍ സെപ്റ്റംബര്‍ 28ന് തീയറ്ററുകളിലെത്തും.

ഓണക്കാലം മുന്നില്‍ കണ്ട് വന്‍ തുക മുടക്കി സിനിമ നിര്‍മ്മിച്ചവര്‍ക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് പ്രളയക്കെടുതി നല്‍കിയത്. ചില സിനിമകളുടെ ചിത്രീകരണത്തെയും പ്രളയക്കെടുതി കാര്യമായി തന്നെ ബാധിച്ചു. റിലീസ് തീയതി മാറ്റേണ്ടിവന്നെങ്കിലും പ്രേക്ഷകര്‍ തീയറ്ററിലെത്തുമെന്നാണ് സിനിമാമേഖലയിലുള്ളവരുടെ പ്രതീക്ഷ.