‘മൂത്തോൻ’ വിശേഷങ്ങളുമായി നിവിൻ പോളി…

August 2, 2018

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ  ചിത്രം’ മൂത്തോന്റെ’ വിശേഷങ്ങളുമായി നിവിന്‍ പോളി.  ചിത്രത്തിന്റ ഷൂട്ടിംഗ് പൂര്‍ത്തിയായി. എന്നാല്‍ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമേ ‘മൂത്തോന്‍’ തീയേറ്ററുകളിലെത്തുകയുള്ളു.  പതിനാലുകാരനായ പയ്യൻ  തന്റെ സഹോദരനെത്തേടി പുറപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധാരാളം വൈകാരികത നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തിലുടനീളമുണ്ട്. ഗീതു മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞാല്‍ അവര്‍ മികച്ച സംവിധായകരില്‍ ഒരാളാണ്. അഭിനേതാക്കളില്‍ നിന്ന് സിനിമയ്ക്ക് വേണ്ടിയത് നേടിയെടുക്കാനുള്ള അവരുടെ കഴിവ് അപാരമാണ്. കഥാപാത്രത്തിന്റെ ആത്മാവിലേക്ക് അവര്‍ നമ്മളെ എത്തിക്കും അത് വളരെക്കുറച്ച് പേര്‍ക്ക് മാത്രമേ ചെയ്യാന്‍ സാധിക്കൂ. എന്നാൽ സിനിമയെക്കുറിച്ച് കൂടുതലൊന്നും പറയാൻ തനിക്ക് സാധിക്കുകയില്ലെന്നും താരം വ്യക്തമാക്കി.

ഗീതു മോഹൻ ദാസ് സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പുതിയ രൂപത്തിലാണ് നിവിൻ എത്തുന്നത്. തല മൊട്ടയടിച്ച് പരുക്കന്‍ ഗെറ്റപ്പിലാണ് നിവിന്‍ .  സിനിമയുടെ ചിത്രീകരണം ലക്ഷദ്വീപിലും മുംബൈയിലുമായാണ്.   സിനിമയ്ക്ക് ‘ഇന്‍ഷാ അള്ളാഹ്’ എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്.

മൂത്തോന്റെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത് ഗീതുവിന്റെ ഭര്‍ത്താവ് രാജീവ് രവിയാണ് . ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപാണ്. എഡിറ്റിങ് ബി.അജിത്കുമാര്‍. ഗാങ്സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന്‍ മക്അലക്സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.