ചിരിയുടെ പടയോട്ടവുമായി ചെങ്കൽ രഘു; മോഷൻ പോസ്റ്റർ കാണാം

August 31, 2018

ചിരിയുടെ പടയോട്ടവുമായി ബിജു മേനോൻ എത്തുന്നു. നവാഗതനായ റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടം സെപ്തംബർ 14  ന് തിയേറ്ററുകളിൽ എത്തും. ഓണത്തിന് പ്രദർശിപ്പിക്കേണ്ടിയിരുന്ന  ചിത്രം മഴക്കെടുതിയെത്തുടർന്ന് നീട്ടി വയ്ക്കുകയായിരുന്നു. ചെങ്കൽ രഘു എന്ന കഥാപാത്രമായാണ് ബിജു മേനോൻ ചിത്രത്തിൽ  വേഷമിടുന്നത്. കോമഡി എന്റെർറ്റൈനർ വിഭാഗത്തിൽ പുറത്തിറങ്ങുന്ന ചിത്രം തികച്ചും ഒരു കുടുംബ ചിത്രമായിരിക്കും.

ബിജു മേനോനൊപ്പം ചിത്രത്തിൽ സൈജു കുറുപ്പ്, ലിജോ ജോസ് പെല്ലിശ്ശേരി, ആണ് സിത്താര എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ചെങ്കൽ രഘു എന്ന കഥാപാത്രവും സംഘങ്ങളും കാസർഗോഡു മുതൽ തിരുവനന്തപുരം വരെ നടത്തുന്ന യാത്രയും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവ വികാസങ്ങളുമാണ്പറയുന്നത്.

ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത് അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നാണ്. ‘ബാംഗ്ലൂർ ഡേയ്സ്’, ‘മുന്തിരി വള്ളികൾ തളിർക്കുമ്പോൾ’ എന്നീ ചിത്രങ്ങൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് പടയോട്ടവും നിർമ്മിക്കുന്നത്. നിരവധി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ ബിജു മേനോൻ ചിരിയുടെ മലപ്പടക്കവുമായി എത്തുന്ന പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.