രാഷ്ട്രീയമോ മതമോ കടന്നു വരാതെ പ്രളയദിനങ്ങളിൽ സാധാരക്കാരൻ കടന്നു പോയ ജീവിതാനുഭവവുമായി ജൂഡ് എത്തുന്നു..

September 17, 2018

കേരളം നേരിട്ട മഹാപ്രളയത്തെ അതിജീവിച്ച കേരളക്കരയിലെ ആളുകളുടെ ജീവിതം വെള്ളിത്തിരയിലേക്ക്. പ്രളയത്തിന് സാക്ഷ്യം വഹിച്ച സംവിധായകൻ ജൂഡ് ആന്റണിയാണ് ചിത്രം ബിഗ്‌സ്‌ക്രീനിൽ എത്തിക്കുന്നത്. ജൂഡ് ആന്റണിയും ജോൺ മാന്ത്രിക്കലും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ പേര് 2403 ഫീറ്റ് എന്നാണ്. ജൂഡ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ , ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീര മൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാദ്ധ്യമപ്രവര്‍ത്തകരുടെ, എവിടുന്നോ വന്നു ജീവന്‍ രക്ഷിച്ച് നന്ദി വാക്കിന് കാത്ത് നില്ക്കാതെ പോയ ധീര ജവാന്മാരുടെ രാഷ്ട്രീയമോ മതമോ ഒന്നും കടന്നു വരാതെ ആ ദിവസങ്ങളിലെ ഒരു സാധാരക്കാരൻ കടന്നു പോയ പച്ചയായ ജീവിതാനുഭവം തുറന്നു കാണിക്കുന്ന സിനിമയായിരിക്കും 2403 ഫീറ്റ് എന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അഭിപ്രായപ്പെടുന്നത്. ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്മാനാണ്. ഛായാഗ്രാഹണം ജോമോന്‍ ടി ജോണ്‍ നിർവഹിക്കുന്ന ചിത്രത്തിന്റെ  എഡിറ്റിങ് മഹേഷ് നാരായണനാണ്.

ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം..

‘പ്രളയത്തില്‍ എന്‍റെ നാട്ടില്‍ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്‍ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും, വട്ടകയും എടുത്ത് കൊണ്ട് പോയി രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണ്. ചങ്കുറപ്പുള്ള നാട്ടുകാര്‍. എനിക്കുറപ്പാണ് കേരളം മുഴുവന്‍ ഇത്തരത്തില്‍ അനേകം കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകാം. ഇതവരുടെ കഥയാണ്‌. ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ , ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീര മൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാദ്ധ്യമപ്രവര്‍ത്തകരുടെ, എവിടുന്നോ വന്നു ജീവന്‍ രക്ഷിച്ച് നന്ദി വാക്കിന് കാത്ത് നില്ക്കാതെ പോയ ധീര ജവാന്മാരുടെ, ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും സഹായം നല്കിയ മനുഷ്യരുടെ..

അതെ നമ്മുടെ അതിജീവനത്തിന്‍റെ കഥ.
A tribute to the unexpected heroes!!!!