ബോഡി ബില്‍ഡിംഗ്; റൂബിക്കിത് മധുരപ്രതികാരം

September 28, 2018

ബോഡി ബില്‍ഡിങില്‍ ശ്രദ്ധേയമായ സ്ത്രീ സാന്നിധ്യമാണ് റൂബി. എന്നാല്‍ റൂബിക്ക് ഈ ബോഡി ബില്‍ഡിങ് ഒരു മധുര പ്രതികാരം കൂടിയാണ്. ഫിറ്റ്‌നസില്‍ മിസ് ഇന്ത്യ കിരീടം ലക്ഷ്യമാക്കി മുന്നേറുമ്പോഴും റൂബി എന്ന പെണ്‍കരുത്തിന് പറയാനുണ്ട് നീറുന്ന കുറച്ച് ജീവിതാനുഭവങ്ങള്‍.

റൂബി ബ്യൂട്ടി എന്ന തമിഴ്‌നാട്ടുകാരി ഒരു ഭാര്യ ആയിരുന്നു അതിനപ്പുറം അമ്മയും. തടി കൂടുതലാണെന്ന് പറഞ്ഞ് ഭര്‍ത്താവ് തള്ളിക്കളഞ്ഞ സമയത്തു തുടങ്ങി റൂബിയുടെ പോരാട്ടം. ജീവിതത്തിന്റെ വിജയങ്ങളിലേക്ക് കുതിച്ചുമുന്നേറാന്‍ ഈ പെണ്‍കരുത്തിന് പ്രചോദനം നല്‍കുന്നതും ഈ പോരാട്ടവീര്യം തന്നെ. ഒരിക്കല്‍ റൂബിയുടെ ശരീരത്തെ നോക്കി പരിഹസിച്ചവര്‍ക്കുമുമ്പില്‍ ഇന്ന് അവളൊരു അത്ഭുതമാണ്.

 

ഭര്‍ത്താവില്‍ നിന്നും അപമാനവും അവഗണനയും ലഭിച്ചു തുടങ്ങിയപ്പോഴാണ് ഫിറ്റ്‌നെസ് സെന്ററില്‍ ചേരാന്‍ റൂബി തീരുമാനിച്ചത്. ഒടുവില്‍ അവളുടെ ലക്ഷ്യം ഫലം കണ്ടു നാല് മാസം കൊണ്ട് 75 കിലോയില്‍ നിന്നും 50 കിലോയായി റൂബി കുറഞ്ഞു. ആരോഗ്യമുള്ള ശരീരത്തിനൊപ്പം ബോഡി ബില്‍ഡിങും റൂബി സ്വപ്‌നംകണ്ടു തുടങ്ങി. ഭര്‍ത്താവില്‍ നിന്നും പിന്തുണ ലഭിക്കാതിരുന്നിട്ടും തന്റെ സ്വപ്‌നങ്ങളില്‍ നിന്നും റൂബി പിന്‍മാറിയില്ല.

ഫിറ്റ്‌നെസില്‍ ദേശീയ മെഡല്‍ സ്വന്തമാക്കിയപ്പോള്‍ തന്നെ അപമാനിച്ചവര്‍ക്ക് മുന്നിലൂടെ തലയെടുപ്പോടെ നിവര്‍ന്നു നില്‍ക്കാന്‍ കഴിഞ്ഞു റൂബിക്ക്. ഇന്ന് രാജ്യമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ഒരു ഉത്തമമാതൃക നല്‍കുകയാണ് ഈ ബോഡി ബില്‍ഡര്‍.

റൂബിയുടെ നേട്ടങ്ങളില്‍ ഏറ്റവും അധികം സന്തോഷിക്കുന്ന ഒരാള്‍ക്കൂടിയുണ്ട്. ആറ് വയസ്സുള്ള മകന്‍. ഫിറ്റ്‌നസില്‍ മിസ് ഇന്ത്യ പട്ടം സ്വപ്‌നം കണ്ട് മുന്നേറുകയാണ് ഈ പെണ്‍കരുത്ത്.