വിജയ് സേതുപതി നായകനാകുന്ന റൊമാന്റിക് കോമഡി ചിത്രം ’96’ ഒക്ടോബറില്‍

September 13, 2018

തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ വിജയ് സേതുപതി നായകനായെത്തുന്ന ’96’ എന്ന ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബര്‍ നാലിന് തീയറ്ററുകളിലെത്തും. തികച്ചും വിത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത്.

കഥാപാത്രത്തിന്റെ വിത്യസ്തമായ മൂന്നു ഘട്ടങ്ങളെയും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ ഒരു ലുക്ക് 96 വയസ്സിലുള്ളതാണ്. പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധാനം.ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ്. നന്ദഗോപാലാണ്.