‘സൂചിയില്‍ നൂല് കോര്‍ക്കാന്‍’ സച്ചിന്‍ തെണ്ടൂല്‍ക്കറെ ചലഞ്ച് ചെയ്ത് അക്ഷയ് കുമാര്‍; വീഡിയോ കാണാം

September 18, 2018

ഹെഡ്‌ലൈന്‍ വായിച്ച് അതിശയിക്കേണ്ട. സംഗിതി സത്യം തന്നെയാണ്. ‘സൂയി ധാഗ’ എന്ന സിനിമയുടെ പ്രമോഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍. തികച്ചും വിത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ പ്രമോഷന്‍. സൂചിയില്‍ നൂല് കോര്‍ക്കുന്ന ഒരു മത്സരമാണ് ചിത്രത്തിന്റെ പ്രമോഷനായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. അനുഷ്‌ക ശര്‍മ്മയും വരുണ്‍ ധവാനുമാണ് സൂയി ധാഗയിലെ പ്രധാന കഥാപാത്രങ്ങള്‍.

ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വരുണ്‍ ധവാന്‍ തന്നെയാണ് സൂചിയില്‍ നൂല് കോര്‍ക്കല്‍ ചലഞ്ചുമായി ആദ്യം രംഗത്തെത്തിയത്. അക്ഷയ് കുമാറിനെയായിരുന്നു താരം വെല്ലുവിളിച്ചത്. മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും അക്ഷയ് കുമാര്‍ ഇപ്പോള്‍ സച്ചിന്‍ തെണ്ടൂല്‍ക്കറെ സൂചിയില്‍ നൂല് കോര്‍ക്കാന്‍ ചലഞ്ച് ചെയ്തിരിക്കുകയാണ്.

ഇന്ത്യയിലെ കൈത്തുന്നല്‍ തൊഴിലാളികളുടെ ജീവിതമാണ് സൂയി ധാഗ എന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ മധ്യവയസ്‌കയായ ഒരു ഗ്രാമീണ സ്ത്രീയായിട്ടാണ് അനുഷ്‌ക ശര്‍മ്മ വേഷമിടുന്നത്. ശരത് കതാരിയ ആണ് ചിത്രത്തിന്റെ സംവിധാനം. ഈ മാസം 28 ന് ചിത്രം തീയറ്ററുകളിലെത്തും.