ക്രോസ്ബാറില്‍ കാലെത്തിച്ച് ഗോള്‍ കീപ്പറുടെ കരാട്ടെ കിക്ക്; വീഡിയോ കാണാം

September 13, 2018

ഫുട്‌ബോളിലെ മാസ്മരിക പ്രകടനങ്ങള്‍ക്ക് എക്കാലത്തും ആരാധകര്‍ ഏറെയാണ്. കരാട്ടെ കിക്ക് കൊണ്ട് ലോകത്തിലെ ഫുട്‌ബോള്‍ പ്രേമികളെ അത്ഭുതപ്പെടുത്തിയ താരമാണ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. ചെറുപ്പം മുതല്‍ക്കെ മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലിച്ചിട്ടുള്ള സ്ലാട്ടന്‍ അതിലെ പല വിദ്യകളും ഫുട്‌ബോള്‍ കളിക്കളത്തില്‍ എടുക്കാറുണ്ട്. ആരാധകരെ അത്ഭുതപ്പെടുത്തുന്ന ഗോളുകള്‍ എക്കാലത്തും സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന് ഹരമായിരുന്നു എന്നാല്‍ സ്ലാട്ടനെപ്പോലും വെല്ലുന്ന തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് ഫ്രാന്‍സിന്റെ പിഎസ്ജി ഗോള്‍കീപ്പര്‍ അല്‍ഫോന്‍സ് അരിയോള. ഹോളണ്ടുമായുള്ള ഫ്രാന്‍സിന്റെ യുവേഫ നാഷന്‍സ് ലീഗ് മത്സരത്തിനു മുമ്പുള്ള പരിശീലനത്തിലായിരുന്നു അരിയോളയുടെ ഈ തകര്‍പ്പന്‍ പ്രകടനം.

ഗോള്‍പോസ്റ്റിന്റെ ക്രോസ് ബാറില്‍ കാലുകൊണ്ട് തൊട്ടായിരുന്നു അരിയോള കാഴ്ചക്കാരെ അമ്പരപ്പിച്ചത്. രണ്ടാള്‍ പൊക്കത്തിലുള്ള ക്രോസ്ബാറില്‍ കാലെത്തിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെയാണ് താരത്തിന്റെ പ്രകടനം ആരാധകര്‍ ഏറ്റെടുത്തത്. ഒരു ആരാധാകനാണ് അരിയോളയുടെ ഈ പ്രകടനം സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മറ്റ് ആരാധകരും താരത്തിന്റെ പ്രകടനം ഏറ്റെടുത്തു. നിരവധി പേരാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അരിയോളയുടെ മാസ്മരിക പ്രകടനം പങ്കുവെയ്ക്കുന്നത്.

മികച്ച പ്രകടനമായിരുന്നു ഹോളണ്ടിനെതിരെയുള്ള മത്സരത്തില്‍ ഫ്രാന്‍സ് കാഴ്ചവെച്ചത്. മത്സരത്തില്‍ ആറ് സേവുകള്‍ അരിയോള നേടിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് മത്സരത്തില്‍ വിജയിച്ചത്.