ഏഷ്യ കപ്പ്; വിജയത്തിളക്കത്തിൽ ഇന്ത്യ

September 19, 2018

ഏഷ്യ കപ്പിലെ ഇന്ത്യയുടെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്ക് വിജയത്തിളക്കം.  ക്രിക്കറ്റിലെ കുഞ്ഞന്മാരായ ഹോങ്കോംഗിനെയാണ് ഇന്നെല ഇന്ത്യ കളിക്കളത്തിൽ നേരിട്ടത്.  ഹോങ്കോംഗിനെ 26 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഹോങ്കോംഗിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

ശിഖര്‍ ധവാന്റെസെഞ്ചുറിയും  കളിയില്‍ ഇന്ത്യക്ക്  നിര്‍ണ്ണായകമായി. 127 റണ്‍സാണ് ശിഖര്‍ ധവാന്‍ സ്വന്തമാക്കിയത്. അമ്പാട്ടി റയാഡു 60 റണ്‍സുമെടുത്തു. 22 പന്തില്‍ 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നല്ല തുടക്കമാണ് കാഴ്ചവെച്ചത്. ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ്മ കൂട്ടുകെട്ടില്‍ 45 റണ്‍സ് ഇന്ത്യ സ്വന്തമാക്കി. എന്നാല്‍ ഹോങ്കോങ്ങിന്റെ  എഹ്‌സാന്‍ ഖാന്‍ രോഹിത്തിനെ ഔട്ടാക്കി. ദിനേഷ് കാര്‍ത്തികും ക്രീസില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 38 പന്തില്‍ 33 റണ്‍സെടുത്താണ് കാര്‍ത്തിക് മടങ്ങിയത്. 15 ഫോറും രണ്ട് സിക്‌സും അടിച്ചെടുത്ത ധവാന്റെ പ്രകടനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രതീക്ഷ കൂടി.

എന്നാല്‍ ആരാധകരെ നിരാശയിലാഴ്ത്തിയായിരുന്നു മുന്‍ ക്യാപ്റ്റന്‍ ധോണിയുടെ മടക്കം. നേരിട്ട മൂന്നാമത്തെ ബോളില്‍ തന്നെ റണ്‍സൊന്നും എടുക്കാതെ ധോണി മടങ്ങി. ഭുവനേശ്വര്‍ കുമാര്‍ (18 പന്തില്‍ 9), ഷര്‍ദ്ദുല്‍ ഥാക്കൂര്‍ (മൂന്ന് പന്തില്‍ 0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. കേദാര്‍ ജാദവ് (27 പന്തില്‍ 28) പുറത്താവാതെ നിന്നു.

ഹോങ്കോങ്ങിന്റെ നിസാകത് ഖാന്‍ (115 പന്തില്‍ 92), അന്‍ഷുമാന്‍ റാത് (97 പന്തില്‍ 73) എന്നിവരാണ് ഇന്ത്യക്ക് ഭീഷണിയായി നിലനിന്നത്.  എന്നാല്‍ റാത്തിനെ പുറത്താക്കി കുല്‍ദീപ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. കിഞ്ചിത് ഷാ ഹോങ്കോംഗിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.