ആക്ഷന്‍ ത്രില്ലര്‍ സ്റ്റൈലില്‍ ‘ചെക്ക ചിവന്ത വാനം’; പുതിയ ട്രെയിലര്‍ കാണാം

September 22, 2018

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ‘ചെക്ക ചിവന്ത വാനം’ എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ ത്രില്ലര്‍ സ്റ്റൈലിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. അധോലോക നായകന്റെ മരണശേഷം അധികാരത്തിന്റെ പേരില്‍ മക്കളില്‍ ഉടലെടുക്കുന്ന പകയും പ്രതികാരവുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചെക്ക ചിവന്ത വാനം’.

തമിഴിലെ പ്രമുഖ താരനിരകളെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, അതിഥി റാവു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിമ്പുവും അരവിന്ദ് സ്വാമിയും അരുണ്‍ വിജയ് യും ചിത്രത്തില്‍ ഗുണ്ടാ സഹോദരങ്ങളുടെ വേഷത്തിലെത്തുന്നു. പോലീസ് വേഷത്തിലാണ് വിജയ് സോതുപതി ചിത്രത്തിലെത്തുന്നത്. മണിരത്‌നം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും.

‘ചെക്കാ ചിവന്ത വാനം’ എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ പ്രെമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ ‘മഴൈകുരുവി…’ എന്ന തുടങ്ങുന്ന ഗാനമാണ് യൂട്യൂബില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുന്നത്. എ.ആര്‍ റഹ്മാനാണ് ഈ അതിമനോഹരഗാനം ആലപിച്ചിരിക്കുന്നത്. റഹ്മാന്‍ തന്നെയാണ് സംഗീതവും. വൈരമുത്തുവിന്റേതാണ് വരികള്‍.

പ്രണയമാണ് ഗാനത്തിന്റെ മുഖ്യപ്രമേയം. പുറത്തുവിട്ട പുതിയ ഗാനത്തിലുടനീളം പ്രണയാര്‍ദ്രഭാവങ്ങള്‍ തന്നെയാണ്. ഗാനത്തിലെ അരവിന്ദ് സ്വാമിയുടെ മനോഹരമായ പ്രണയഭാവം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണിരത്‌നം, എ.ആര്‍ റഹ്മാന്‍, വൈരമുത്തു കൂട്ടുകെട്ടില്‍ പുതിയ ഗാനം പിറവിയെടുക്കുന്നത്. പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത ഗാനത്തിനു ലഭിക്കുന്നുണ്ട്. ഗാനം പോലെ ചിത്രവും അതിമനോഹരമായിരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.