മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടിന്റെ വിവാഹ വാർഷികം ആഘോഷമാക്കി പ്രിയപ്പെട്ടവർ; വീഡിയോ കാണാം
ചിരിയുടെ ലോകത്ത് നിത്യ വസന്തം സൃഷ്ടിക്കുന്ന താരരാജാവ്, മലയാളത്തിന്റെ പ്രിയപ്പെട്ട അമ്പിളി ശ്രീ ജഗതി ശ്രീകുമാറിന് ഇന്ന് 39 ആം വിവാഹ വാർഷികം. വ്യത്യസ്തമായ അവതരണ ശൈലികൊണ്ടും അഭിനയ മികവുകൊണ്ടും മലയാള സിനിമയെ അനശ്വരമാക്കിയ കലാപ്രതിഭകളിൽ ഒരാളായിരുന്നു ജഗതി എന്നതിൽ സിനിമാ ലോകത്ത് സംശയമൊന്നുമില്ല.
വെള്ളിത്തിരയിൽ ചിരിയുടെ മലപ്പടക്കങ്ങൾ പൊട്ടിച്ചുകൊണ്ടിരുന്ന അത്ഭുത പ്രതിഭയെ കാത്തിരുന്നത് വേദനയുടെ മറ്റൊരു ലോകമായിരുന്നു. കാറപകടത്തിൽ പെട്ട് ഓർമ്മകളുടെ അടിവേരുകൾ തകർത്ത കോമ സ്റ്റേജിൽ ആയ ഈ കലാകാരൻ മലയാള സിനിമയിൽ നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളെ ആയുള്ളൂവെങ്കിലും ആയിരം വർഷങ്ങളുടെ ചിരി മുഹൂർത്തങ്ങളാണ് മലയാളികൾക്ക് നഷ്ടപ്പെട്ടത്.
1979 സെപ്തംബർ 13 മലയാള സിനിമയിലെ ഈ ചിരിയുടെ രാജാവിന് തന്റെ പ്രിയതമ ശോഭ കൂട്ടായി വന്നെത്തിയ ദിവസം. ഈ ദിവസത്തിന്റെ ഓർമ്മപുതുക്കലിൽ ആരാധകരുടെ സ്നേഹ പ്രാർത്ഥനകൾ ആവശ്യപ്പെടുകയാണ് ജഗതിയുടെ മകൾ പാർവ്വതി ഷോൺ. മാതാപിതാക്കൾക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വിവാഹ വാർഷിക ആശംസകൾക്കൊപ്പം നല്ലൊരു തിരിച്ചു വരവും ആഗ്രഹിക്കുകയാണ് പാർവ്വതി.
1000 ചിത്രങ്ങളിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത കലാകാരനായി മാറിയ ജഗതി, നടനായും തിരക്കഥാകൃത്തായും പ്രൊഡൂസറായും സംവിധായകനായും മലയാള സിനിമയിൽ മാറ്റുരച്ചു. 2012 ൽ കോഴിക്കോട് വച്ചുണ്ടായ കാർ അപകടത്തെത്തുടർന്ന് സിനിമയിൽ നിന്നും മാറി നിൽക്കുന്ന അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് മലയാളി ആരാധകർ. ഹാസ്യനടനായും വില്ലനായും മുഖ്യകഥാപാത്രമായുമെല്ലാം അരങ്ങു ഗംഭീരമാക്കിയ പ്രതിഭ തന്റെ കൈയ്യിൽ വരുന്ന എല്ലാ കഥാപാത്രങ്ങൾക്കും തനതായ ഒരു ശൈലി നൽകിയിരുന്നു.