ഇതാ കാജോളിന്റെ നമ്പര്‍; രസകരമായ ‘നമ്പറിറക്കി’ അജയ് ദേവ്ഗണ്‍

September 25, 2018

നേരംപോക്കിന് മറ്റുള്ളവരെ പറ്റിക്കുന്നത് രസകരം തന്നെ. ഇത്തരത്തില്‍ കാജോളിന്റെ ആരാധകരെ പറ്റിക്കാന്‍ ഭര്‍ത്താവ് അജയ്‌ദേവ്ഗണ്‍ ഇറക്കിയ ഒരു നമ്പറാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗം. കാജോളിന്റെ നമ്പര്‍ താരം പങ്കുവെച്ചതിനു പിന്നാലെ നടന്നത് രസകരമായ സംഭവങ്ങള്‍.

കാജോള്‍ ഇന്ത്യയിലില്ല, വാട്‌സ്അപ്പ് നമ്പറില്‍ കോ- ഓര്‍ഡിനേറ്റ് ചെയ്യുക എന്ന കുറിപ്പോടുകൂടി അജയ് ദേവ് ഗണ്‍ ട്വിറ്ററില്‍ ഒരു ഫോണ്‍ നമ്പര്‍ പങ്കുവെച്ചു. കാജോളിന്റെ നമ്പര്‍ കിട്ടേണ്ട താമസം ഒന്നിനു പിന്നാലെ ഒന്നായി ആരാധകരെല്ലാം രംഗത്തെത്തി.

പലരും കാജോളിന് സന്ദേശങ്ങള്‍ അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. എന്നാല്‍ കാജോളിന്റെ റിപ്ലെ മെസ്സേജ് ഒന്നും ആരാധകര്‍ക്ക് ലഭിച്ചില്ല. ഏറെ നേരം കാത്തിരുന്നിട്ടും മറുപടി ലഭിക്കാതിരുന്നപ്പോള്‍ ആരാധകര്‍ കമന്റിലൂടെ അജയ് ദേവ്ഗണിന് പരാതികള്‍ പറഞ്ഞു തുടങ്ങി. മെസേജ് അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമായിരുന്നു പലരും പരാതികള്‍ ബോധിപ്പിച്ചത്.

ഒരു ദിവസം മുഴുവന്‍ മെസേജ് അയച്ചിട്ടും മറുപടി ലഭിക്കുന്നില്ല എന്ന ആരാധകരുടെ പരിഭവത്തിന് ഒടുവില്‍ അജയ് ദേവ്ഗണ്‍ തന്നെ മറുപടിയുമായി രംഗത്തെത്തി. ഷൂട്ടിങിനിടയില്‍ പറ്റിക്കുക നല്ല നേരംപോക്കാണെന്നും അതുകൊണ്ടാണ് നിങ്ങളെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നതെന്നും അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്തു. ഇതോടെയാണ് തങ്ങള്‍ക്കു പറ്റിയ അമളി ആരാധകര്‍ തിരിച്ചറിഞ്ഞത്. കാജോളിന്റേത് എന്നു പറഞ്ഞ് അജയ് ദേവ്ഗണ്‍ പങ്കുവെച്ച വാട്‌സ്ആപ്പ് നമ്പറും വ്യാജമായിരുന്നു.