സേനാപതിയായി കമല്‍ഹാസന്‍ വീണ്ടും; ‘ഇന്ത്യന്‍ 2’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

September 5, 2018

കമല്‍ഹാസനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുകയാണ്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്റെ രണ്ടാം ഭാഗമിറങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനുമുണ്ട് ഏറെ പ്രത്യേകതകള്‍. അക്ഷരങ്ങള്‍ക്കു പുറമെ പ്രധാന കഥാപാത്രത്തിന്റെ ഒരു കൈ മാത്രമാണ് പോസ്റ്ററിലുള്ളത്. സേനാപതി തിരിച്ചെത്തുന്നു എന്ന ടാഗ് ലൈനും പോസ്റ്ററിലുണ്ട്. ഇന്ത്യന്‍ 2 ല്‍ കമല്‍ഹാസന്‍ ഇരട്ട വേഷത്തിലെത്തുന്നുണ്ട് എന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍.

1996 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇന്ത്യന്‍. മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിച്ചിരുന്നു ഈ ചിത്രത്തിന്. കമല്‍ഹാസനു പുറമെ ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ് രാളയുമാണ് ഇന്ത്യനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉലകനായകന്‍ കമല്‍ഹാസനും എക്കാലത്തേയും ഹിറ്റ് മേക്കറായ ഷങ്കറും വീണ്ടും ഒരുമിക്കുമ്പോള്‍ പ്രേക്ഷകരും ആകാംഷയിലാണ്. തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ഇന്ത്യന്‍ 2 എത്തും.

ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്റെ രണ്ടാം ഭാഗം പുറത്തുവരുന്നു എന്ന വാര്‍ത്ത ഏറെ പ്രതീക്ഷയോടെയാണ് കമലിന്റെയും ഷങ്കറിന്റെയും ആരാധകര്‍ സ്വീകരിച്ചത്. രജനീകാന്ത് നായകനാകുന്ന എന്തിരന്‍ രണ്ടാം ഭാഗമായ 2.0 യുടെ അവസാനഘട്ട തിരക്കിലാണ് ശങ്കര്‍ ഇപ്പോള്‍. ഇന്ത്യന്‍ 2 വിലും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്.