പ്രളയക്കെടുതി: ധനശേഖരണത്തിനായി കൊച്ചിയില്‍ ഫുട്‌ബോള്‍ മത്സരം

September 14, 2018

മഹാപ്രളയം ഉലച്ച പ്രളയത്തില്‍ നിന്നും കരകയറാനുള്ള പരിശ്രമത്തിലാണ് കേരളം. നിരവധി പേരാണ് കേരളത്തിന്റെ അതിജീവനത്തിനായി സഹായഹസ്തങ്ങള്‍ നീട്ടുന്നത്. പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്നതിന് ധനശേഖരണം നടത്തുന്നതിനായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന് കൊച്ചി വേദിയാകും. ഇതിനുപുറമെ ധനശേഖരണത്തിനായി തിരുവനന്തപുരത്ത് പ്രത്യക ക്രിക്കറ്റ് മത്സരവും സംഘടിപ്പിക്കും. ഇന്ത്യയും മറ്റൊരു രാജ്യവുമായിട്ടായിരിക്കും മത്സരം സംഘടിപ്പിക്കുക.

ഈ വര്‍ഷം ഡിസംബറിന് മുമ്പ് മത്സരം സംഘടിപ്പിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും മത്സരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ 2018 സീസണ്‍ ക്യാമ്പയിന്‍ ലോഞ്ച് ചടങ്ങിനിടെയാണ് ധനസമാഹരണത്തിനായി നടത്തുന്ന ഫുട്‌ബോള്‍ മത്സരത്തെക്കുറിച്ച് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കിയത്.

മത്സരം സംബന്ധിച്ച ചര്‍ച്ചയുടെ പ്രാരംഭഘട്ടം മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ മത്സരിക്കുന്ന രാജ്യവും തീയതിയും പിന്നീടായിരിക്കും തീരുമാനിക്കുക. പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്നതിനായി നിരവധി സംഘടനകളും വ്യക്തികളും കേരളത്തിന് സഹായം നല്‍കുന്നുണ്ട്.