‘കുഞ്ഞുവാവയ്ക്ക് സമ്മാനപ്പെരുമഴ’; വൈറലായി ഈ അമ്മയുടെ കുറിപ്പ്..

September 16, 2018

ബോളിവുഡിന്റെ പ്രിയ നടൻ ഷാഹിദ് കപൂറിന്റെയും പ്രിയ പത്‌നി മിറ കപൂറിന്റെയും വീട്ടിലെ പുതിയ അതിഥിയെ ഏറെ സ്നേഹത്തോടെയാണ്  ബോളിവുഡ് ആരാധകർ ഏറ്റെടുത്തത്. കുഞ്ഞുവാവയ്ക്ക് ആശംസകളും സമ്മാനങ്ങളുമായി നിരവധി ആളുകളാണ് എത്തുന്നത്. വാവയ്ക്ക് ആശംസകളറിയിച്ചവരോടും സമ്മാനങ്ങൾ അയച്ചവരോടും നന്ദി പറഞ്ഞുകൊണ്ടുള്ള  മിറയുടെ ഇൻസ്ററഗ്രാം പോസ്റ്റ് വൈറലാകുകയാണ്. കഴിഞ്ഞ ദിവസം  മിറ ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം മിറയുടെ അടുത്ത സുഹൃത്തും പ്രശസ്ത സംവിധായകൻ അഭിഷേക് കപൂറിന്റെ ഭാര്യയുമായ പ്രാഗ്യാ യാദവാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.

ഷാഹിദ് കപൂറും മിറയും രണ്ടാമതും അച്ഛനമ്മമാരായ സന്തോഷവാർത്ത ആരാധകർ പങ്കുവച്ചതോടെ കുഞ്ഞുവാവയ്ക്ക് സ്നേഹ സമ്മാനങ്ങൾ ഒരുപാട് ലഭിച്ചിരുന്നു.  ആരാധകരുടെ സ്നേഹത്തിനും കരുതലിനും സ്നേഹത്തോടെയാണ് മിറ മറുപടി കുറിച്ചത്. അതോടൊപ്പം നിങ്ങളുടെ ഈ സമ്മാനങ്ങൾ അർഹതപ്പെട്ട കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ സ്നേഹത്തോടെ മിറ ആരാധകരോട് ആവശ്യപ്പെടുകയാണ്. തങ്ങളുടെ കുഞ്ഞിന് കൊടുക്കാൻ കാത്തുവച്ച സമ്മാനങ്ങളിലൂടെ  മറ്റൊരു കുഞ്ഞിന്റെ ലോകം കൂടുതൽ സന്തോഷകരമാക്കാൻ കഴിയുമെങ്കിൽ അതാണ് തങ്ങൾക്ക് കൂടുതൽ സന്തോഷകരമാകുന്നതെന്നാണ് മിറ പറയുന്നത്.

ഷാഹിദിന്റെയും മിറയുടെയും രണ്ടാമത്തെ കുട്ടിയാണിത്. മിഷ എന്ന രണ്ടുവയസ്സുകാരിയാണ് ഷാഹിദിന്റെയും മിറയുടെയും ആദ്യത്തെ കുഞ്ഞ്. സെയ്ൻ കപൂർ എന്നാണ് കുഞ്ഞുവാവയുടെ പേര്. തന്റെ കുഞ്ഞിനൊപ്പം മറ്റു കുഞ്ഞുങ്ങളേയും കരുതാനും സ്നേഹിക്കാനും മിറ കാണിച്ച ആ നല്ല മനസിനെ വാഴ്ത്തുകയാണ് ഷാഹിദിന്റേയും മിറയുടേയും ആരാധകരിപ്പോൾ.