പ്രണയാര്‍ദ്ര ഭാവങ്ങളില്‍ ശിവകാര്‍ത്തികേയനും സമാന്തയും; ‘സീമരാജ’യിലെ ഗാനം കാണാം

September 15, 2018

പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ് ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ‘സീമരാജ’ എന്ന ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ശിവകാര്‍ത്തികേയനും സമാന്തയും പ്രണയാര്‍ദ്രഭാവങ്ങളിലെത്തുന്ന ചിത്രത്തിലെ ഗാനവും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

പൊന്റാമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രദര്‍ശനത്തിന്റെ ആദ്യദിനം തന്നെ മികച്ച കളക്ഷന്‍ നേടിക്കൊണ്ടാണ് സീമരാജയുടെ മുന്നേറ്റം. ‘ഉന്നവിട്ട യാരും എനക്കില്ല…: എന്ന ഗാനമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.  ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രണയഗാനം എന്നാണ് പാട്ടിന് പലരും നല്‍കുന്ന കമന്റ്. യുവഭാരതിയുടേതാണ് ഗാനത്തിലെ വരികള്‍. ഈ പാട്ടിനു പുറമെ ഏഴു ഗാനങ്ങള്‍ക്കൂടി ചിത്രത്തിലുണ്ട്. ദിവകര്‍, കവിത ഗോപി, സീന്‍ റോള്‍ഡന്‍, ഡി. ഇമ്മന്‍, വന്ദന ശ്രീനിവാസന്‍, സെന്തില്‍ ഗണേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ദൃശ്യഭംഗികൊണ്ടുതന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടി ഈ ഗാനം.

നടന്‍ സൂരിയും വിത്യസ്തമായൊരു വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. കോമഡി ചിത്രങ്ങളിലൂടെ തമിഴകത്തെ സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച നടനാണ് സൂരി. സിക്‌സ്പാക്ക് ലുക്കിലാണ് സീമരാജയില്‍ സൂരി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. സിനിമ റിലീസ് ആകുന്നതിനു മുമ്പേ ട്വിറ്റര്‍ വഴി ശിവകാര്‍ത്തികേയന്‍ തന്നെ സൂരിയുടെ തകര്‍പ്പന്‍ ലുക്ക് പ്രേക്ഷകര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. എട്ട് മാസത്തെ കഠിന പരിശ്രമം വേണ്ടിവന്നു സിക്‌സ്പാക്ക് ലുക്ക് നേടാന്‍ സൂരിക്ക്. ഇക്കാര്യവും ശിവകാര്‍ത്തികേയന്‍ തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചിരുന്നു.

സിമ്രാന്‍, നെപ്പേളിയന്‍, ലാല്‍, കെ.എസ് രവികുമാര്‍, മനോബാല തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളി താരമായ കീര്‍ത്തി സുരേഷ് അതിഥി വേഷത്തിലും ചിത്രത്തിലെത്തുന്നുണ്ട്. ബാലസുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പത്ത് കോടിയിലും അധികമാണ് സീമരാജയുടെ ആദ്യദിനത്തിലെ കളക്ഷന്‍.