നിറയെ സസ്‌പെന്‍സുകളുമായി ‘ഒരു കുപ്രസിദ്ധ പയ്യന്‍’; ട്രെയിലര്‍ കാണാം

September 24, 2018

മലയാളികളുട പ്രിയ താരം ടൊവിനോ തോമസ് നായകനായെത്തുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മധുപാലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

നിറയെ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചിട്ടുണ്ട് ട്രെയിലറില്‍. അതുകൊണ്ടുതന്നെ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. അനു സിത്താരയാണ് ചിത്രത്തില്‍ പ്രധാന നായികാ കഥാപാത്ത്രെ അവതരിപ്പിക്കുന്നത്. വക്കീല്‍ കഥാപാത്രങ്ങളായി നെടുമുടി വേണുവും നിമിഷ സജയനും ചിത്രത്തിലെത്തുന്നുണ്ട്.

ജീവന്‍ ജോബ് തോമസാണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടേതാണ് വരികള്‍.

ടൊവിനോ തോമസ് നായകനായെത്തിയ ‘തീവണ്ടി’ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് തീയറ്ററുകളില്‍ മുന്നേറുന്നത്. ‘സെക്കന്‍ഡ് ഷോ’ എന്ന ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഫെല്ലിനിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘തീവണ്ടി’.

തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് വിനി വിശ്വലാലാണ്. ടൊവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് ടൊവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിന്‍ സ്‌മോക്കറായ ടൊവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’ എന്നത്.