ഓസ്‌കര്‍ എന്‍ട്രി നേടി ഇര്‍ഫാന്‍ ഖാന്‍ നായകനായ ബംഗ്ലാദേശ് ചിത്രം

September 25, 2018

ഇന്ത്യന്‍ സിനിമാതാരം ഇര്‍ഫാന്‍ ഖാന്‍ നായകനായെത്തിയ ബംഗ്ലാദേശ് ചിത്രത്തിന് ഓസ്‌കര്‍ എന്‍ഡ്രി. തനതായ അഭിനയ ശൈലികൊണ്ട് വിദേശ സിനിമകളിലും നിറ സാന്നിധ്യമാണ് ഇര്‍ഫാന്‍ ഖാന്‍ എന്ന നടന്‍. ‘ഡൂബ്- നോ ബെഡ് ഓഫ് റോസസ്’ എന്ന ചിത്രമാണ് ഓസ്‌കാറില്‍ മത്സരിക്കുന്നത്. ഇര്‍ഫാന്‍ ഖാന്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും. മികച്ച വിദേശ ഭാഷ ചിത്രം എന്ന ഗണത്തിലേക്കാണ് ‘ഡൂബ്- നോ ബെഡ് ഓഫ് റോസസ്’ എന്ന ബംഗ്ലാദേശ് ചിത്രം മത്സരിക്കുന്നത്.

ബംഗ്ലാദേശിലെ പ്രശസ്തനായ എഴുത്തുകാരനും സിനിമാ നിര്‍മ്മാതാവുമായിരുന്ന ഹുമയൂണ്‍ അഹമ്മദിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു സ്ത്രീക്കും പുരുഷനുമിടയില്‍ നടക്കുന്ന മാനസീക സംഘര്‍ഷങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം. മെസ്തഫ സര്‍വാര്‍ ഫറൂഖിയാണ് ‘ഡൂബ്- നോ ബെഡ് ഓഫ് റോസസ്’ എന്ന ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നതും മെസ്തഫ തന്നെയാണ്.

ഒട്ടേറെ വിവാദങ്ങളുടെ പേരില്‍ ഈ ചിത്രം ബാന്‍ ചെയ്തിരുന്നു. ഒടുവില്‍ 2017 ഒക്ടോബറിലാണ് ചിത്രത്തിന്റെ ബാന്‍ നീങ്ങുന്നത്. ഇര്‍ഫാന്‍ ഖാനു പുറമെ ഇന്ത്യന്‍ താരം പൗര്‍ണോ മിത്രയും ചിത്രത്തിലെത്തുന്നുണ്ട്.

മികച്ച വിദേശ സിനിമാ വിഭാത്തില്‍ ഇന്ത്യയില്‍ നിന്നും ഒഫിഷ്യല്‍ എന്‍ട്രി ലഭിച്ചത് ‘വില്ലേജ് റോക്ക് സ്റ്റാര്‍സ്’ എന്ന ചിത്രത്തിനാണ്. റിമ ദാസാണ് ചിത്രത്തിന്റെ സംവിധാനം. ഇന്ത്യയില്‍ നിന്നും 29 സിനിമകള്‍ എന്‍ട്രി തിരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ടിരുന്നു. 28 സിനിമകളെയും പിന്നിലാക്കിയാണ് വില്ലേജ് റോക്ക് സ്റ്റാര്‍സ് നോമിനേഷനില്‍ ഇടം പിടിച്ചത്.

മഹാനടി’, ‘ഭയാനകം’, ‘റാസി’, ‘പദ്മാവത്’, ‘ഹിച്ച്കി’, ‘ഒക്ടോബര്‍’, ‘ലവ് സോണിയ’, ‘ഗുലാബ്ജാം’, ‘പിഹു’, ‘കദ്വി ഹവ’, ‘ബയോസ്‌കോപ് വാല’, ‘മന്‍തൊ’, ‘102 നോട്ട് ഔട്ട്’, ‘പാഡ്മാന്‍’, ‘അജ്ജിസ ന്യൂഡ്’, ‘ഗലി ഗുലിയാന്‍’ എന്നീ ചിത്രങ്ങളാണ് വില്ലേജ് റോക്ക് സ്റ്റാര്‍സ് എന്ന ചിത്രത്തിനെ കൂടാതെ എന്‍ട്രി തിരഞ്ഞെടുപ്പിനായി ഇന്ത്യയില്‍ നിന്നും സമര്‍പ്പിക്കപ്പെട്ടത്.

ചിത്രത്തിന്റെ സംവിധായിക റിമ ജനിച്ചു വളര്‍ന്ന നാടാണ് അസ്സാം. അസ്സാമിലെ ഗ്രാമീണരുടെ അതിജീവനത്തിന്റെ കഥയാണ് വില്ലേജ് റോക് സ്റ്റാര്‍സ് പറയുന്നത്. യഥാര്‍ത്ഥ ഗ്രാമീണര്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതും. ക്യാമറയില്‍ ചിത്രീകരിച്ചതും എഡിറ്റ് ചെയ്തതുമെല്ലാം റിമ തന്നെയാണ്. സിനിമയുടെ ഔട്ട്‌ഡോര്‍ രംഗങ്ങളെല്ലാം പകല്‍ വെളിച്ചത്തില്‍ തന്നെയാണ് ചിത്രീകരിച്ചത്.

യഥാര്‍ത്ഥ ഗ്രാമീണര്‍ക്കു പുറമെ കുലദ ഭട്ടാചാര്യ മാത്രമാണ് വില്ലേജ് റോക് സ്റ്റാര്‍സില്‍ അഭിനയിച്ചിരിക്കുന്നത്. ധുനു എന്ന പത്ത് വയസുകാരിയാണ് വില്ലേജ് റോക് സ്റ്റാര്‍സിലെ കേന്ദ്ര കഥാപാത്രം. 87 മിനിറ്റാണ് ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം. ‘മാന്‍ വിത് ദ ബൈനോക്കുലേഴ്‌സ്’ ആണ് റിമ ദാസിന്റെ ആദ്യ ചിത്രം.