‘റോബിൻഹുഡിനേക്കാൾ വലിയ കള്ളന്മാർ നിരത്തിൽ’, ടെക്കികൾക്ക് ഉപദേശവുമായി പൃഥ്വി..

September 14, 2018

അഭിനേതാവായും സംവിധായകനായും വെള്ളിത്തിരയിൽ തിളങ്ങിനിൽക്കുന്ന താരമാണ് പൃഥ്വിരാജ്. സിനിമാത്തിരക്കുകൾക്കിടയിലും ടെക്കികളുടെ ലോകത്തേക്ക് എത്തിയിരിക്കുകയാണ് പൃഥ്വി. സൈബർ സുരക്ഷയുടെ വിവിധ വശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പോലീസ് വിഭാഗം സംഘടിപ്പിച്ച കൊക്കൂൺ എന്ന പരിപാടിയുടെ ഭാഗമായാണ് താരം ടെക്കികൾക്കിടയിലേക്ക് എത്തിയത്.

സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പോലീസ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ടെക്നോപാർക്കിൽ എത്തിയ പൃഥ്വി ടെക്കികൾക്ക് നല്ലൊരു ഉപദേശം നൽകാനും മറന്നില്ല. ഇന്ന് ലോകത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് എങ്ങനെ രക്ഷപെടാമെന്നതിന്റെ മാർഗങ്ങളായിരുന്നു താരത്തിന് ടെക്കികൾക്കായി നല്കാനുണ്ടായിരുന്ന ഉപദേശം.

വർഷങ്ങൾക്ക് മുമ്പ് റോബിൻഹുഡ് എന്ന ചിത്രത്തിൽ താൻ അഭിനയിച്ചപ്പോൾ എ ടി എമ്മിൽ നിന്നും കവർച്ച നടത്തുന്ന ഒരു കള്ളനായി ആയിരുന്നു താൻ ചിത്രത്തിൽ അഭിനയിച്ചത്. അന്ന് സൈബർ ലോകത്തെ ഈ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഭാഗങ്ങൾ കണ്ടപ്പോൾ നിരവധി പ്രമുഖർ അടക്കമുള്ള ആളുകൾ ഇതൊക്കെ നടക്കുമോയെന്ന് ചോദിച്ചിരുന്നു. എന്നാൽ ഇന്ന് സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്നത് അതിനേക്കാൾ മികച്ച രീതിയിലുളള മോഷണങ്ങളാണ്. സൈബർ ലോകത്തെ കുറ്റകൃത്യങ്ങളുടെ വലിയ ഉദാഹരണമായി താൻ  ഇതിനെ കാണുന്നതായും പൃഥ്വി പരിപാടിയിൽ പറഞ്ഞു.

രാജ്യാന്തര വിദഗ്ധരുടെ സഹായത്തോടെ സൈബർ ലോകത്തെ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്ന സെമിനാറാണ് കൊക്കൂൺ. കഴിഞ്ഞ ദിവസം ഉദ്ഘാടനം നടന്ന സെമിനാർ ഒക്ടോബർ  5, 6 തിയതികളിലായി കൊച്ചിയിൽ വച്ച് നടക്കുന്നതായും അധികൃതർ അറിയിച്ചു.