‘ഫുട്‌ബോള്‍’ സമയം പാഴാക്കലാണെന്ന് മാതാപിതാക്കള്‍; വര്‍ഷങ്ങള്‍ക്ക് ശേഷം മാറ്റിപ്പറയിപ്പിച്ച് സൂപ്പര്‍താരം

September 14, 2018

ചരിത്രം മാറ്റിയെഴുതുന്നവര്‍ എക്കാലത്തും സൂപ്പര്‍സ്റ്റാറുകളാണ്. വിധിയെ തോല്‍പിച്ച് ഫുട്‌ബോള്‍ ഇതിഹാസമായി മാറിയ ലിവര്‍പൂള്‍ സൂപ്പര്‍താരമാണ് സാഡിയോ മാനേ. തന്റെ ഫുട്‌ബോള്‍ ജീവിതത്തെക്കുറിച്ച് ഹൃദയഭേദകമായ ഒരു കുറിപ്പാണ് ഇപ്പോള്‍ താരം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാലം മുതല്‍ക്കെ കാല്‍പന്തുകളിയെ സ്‌നേഹിച്ചിരുന്നു സാഡിയോ മാനേ. എന്നാല്‍ ഫുട്‌ബോള്‍ കളി വെറും സമയം പാഴാക്കലാണെന്നായിരുന്നു താരത്തിന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നത്.

സാഡിയോ മാനേയെ ഫുട്‌ബോള്‍ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാനും മാതാപിതാക്കള്‍ ശ്രമിച്ചു. തങ്ങളുടെ മകനെ ഒരു മികച്ച അധ്യാപകനാക്കണമെന്നായിരുന്നു ആ മാതാപിതാക്കളുടെ ആഗ്രഹം. എന്നാല്‍ ഫുട്‌ബോള്‍ സമയം പാഴാക്കലാണെന്ന് പറഞ്ഞവര്‍ക്ക് മുമ്പില്‍ ഇന്ന് ഫുട്‌ബോള്‍ ഇതിഹാസമായി തിളങ്ങി നില്‍ക്കുകയാണ് സാഡിയോ മാനേ.

ലിവര്‍പൂളിന്റെ സെനഗല്‍ താരമാണ് സാഡിയോ മാനേ. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ പത്തു ഗോളുകളാണ് ഈ സൂപ്പര്‍താരം നേടിയത്. സാഡിയോ മാനേയുടെ പ്രകടനം എക്കാലത്തും ഫുട്‌ബോള്‍ലോകത്തെ അത്ഭുതക്കാഴ്ചകള്‍ തന്നെയാണ്. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനലിലെത്തിക്കുന്നതില്‍ സാഡിയോ മാനേ വഹിച്ച പങ്കും നിസ്തുലമാണ്.

താന്‍ വളര്‍ന്നുവന്ന ചുറ്റുപാടുകളില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ കുറവായിരുന്നെന്നും അതുകൊണ്ട് തന്നെ മാതാപിതാക്കള്‍ തന്നെ ഫുട്‌ബോള്‍ ആഗ്രഹത്തില്‍ നിന്നും നിരന്തരം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സാഡിയോ മാനേ പറഞ്ഞു. എന്നാല്‍ ഫുട്‌ബോളാണ് തന്റെ ജീവിതം എന്നു തിരിച്ചറിഞ്ഞ താരം പോരാടിയതൊക്കെയും നല്ലൊരു ഫുട്‌ബോള്‍താരമാകാന്‍ വേണ്ടി മാത്രമായിരുന്നു. ഒടുവില്‍ സാഡിയോ മാനേയുടെ സ്വപ്‌നങ്ങള്‍ ഫലം കണ്ടും. ലോകമറിയപ്പെടുന്ന കായികതാരമായി മാറി അദ്ദേഹം. ഫുട്‌ബോള്‍ വിജയം നല്‍കുമെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കളും സാഡിയോ മാനേയ്ക്ക് ഇന്ന് വലിയ മുതല്‍ക്കൂട്ടും പ്രോത്സാഹനവുമാണ്.