‘പ്രിയപ്പെട്ട സുഹൃത്തേ’…നവയുഗത്തിലും കത്തുകളിലൂടെ കഥ പറഞ്ഞ് ഒരു യുവ എൻജിനീയർ..

September 28, 2018

കാലചക്രം അതിവേഗം സഞ്ചരിക്കുമ്പോൾ..കാലത്തിന് ഒരുപിടി മുന്നേ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. കാലക്രമേണ കടന്നു വന്ന പല വഴികളും ഓർമ്മയുടെ പടുകുഴിയിലേക്ക്  കൂപ്പുകുത്താറുമുണ്ട്…. ടെക്നോളജിയുടെ അതിഭീകരമായ വളർച്ചയിൽ അഭിമാനം കൊള്ളുന്ന മനുഷ്യർ ചിലപ്പോഴെങ്കിലും ഓർത്തെടുക്കാൻ കൊതിക്കുന്ന ചില നല്ല ഓർമ്മകളുണ്ട്. മറവിയുടെ ചില്ലു കൊട്ടാരം പൊട്ടിച്ച് ഗൃഹാതുരതയുടെ നന്മകളിലേക്ക് ഓടി ഒളിക്കാൻ ആഗ്രഹിക്കുന്ന ചില നിമിഷങ്ങൾ… ചിലപ്പോഴൊക്കെ ചില ഓർമകൾ മുഖത്ത് പുഞ്ചിരിയും മനസിൽ നീറ്റലും കോറിയിടാറുമുണ്ട്…

പഴമയുടെയും ഒപ്പം നന്മയുടെയും ചില  ഓർമ്മപ്പെടുത്തലുകളിലേക്ക് മലയാളികളെ എത്തിക്കുകയാണ് കോഴിക്കോടു കാരിയായ ഈ യുവ എൻജിനീയർ സന ഖാദർ …..ഈ മൊബൈൽ യുഗത്തിലും കത്തുകൾ എഴുതി നിരവധി സുഹൃത്തുക്കളെ സൃഷ്ടിച്ചും, സ്വന്തമായി കാർഡുകൾ ഉണ്ടാക്കി വിറ്റും വിത്യസ്തയാവുകയാണ് സന. കംപ്യൂട്ടര്‍ സയന്‍സ് ബി.ടെക്. മൂന്നാംവര്‍ഷ കോഴ്സ് പൂര്‍ത്തീകരിച്ച സനയുടെ വഴി വേറിട്ടതാണ്. ഇന്‍സ്റ്റഗ്രാമില്‍ സനയ്ക്ക് സ്വന്തമായി ഒരു പേജുണ്ട്. ‘ZANNIST’ എന്ന പേരില്‍. ദിവസേന നൂറുകണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന പേജ്. വിശേഷവേളകളില്‍ നല്‍കാനായി അലങ്കരിച്ച കാര്‍ഡുകള്‍, കുഞ്ഞു ഡയറിത്താളുകള്‍, ഗ്രീറ്റിങ് കാര്‍ഡുകള്‍, ജന്മദിനാശംസാ കാര്‍ഡുകള്‍ അങ്ങനെ പലതിനുമായി ആളുകള്‍ സനയുടെ സഹായം തേടി എത്തുകയാണ്..

ജോര്‍ജിയ, ചെക്കൊസ്ലോവാക്യ, അമേരിക്ക, അയര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, നോര്‍വേ, ഹോളണ്ട്, ദുബായ് തുടങ്ങി മുപ്പതോളം രാജ്യങ്ങളില്‍നിന്ന് വരുന്ന കത്തുകള്‍ക്കായി സനാ ഖാദര്‍ എന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിനി അക്ഷമയോടെ പലപ്പോഴും കാത്തിരിക്കാറുണ്ട്. കുറ്റിപ്പുറം എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജിലെ ഹോസ്റ്റല്‍മുറിയില്‍നിന്ന് സന നെഞ്ചോടുചേര്‍ത്തുവെച്ച  കത്തുകളുമായി ധൃതിയില്‍ നടന്നുനീങ്ങുമ്പോൾ അത്ഭുതത്തോടെയാണ് കൂട്ടുകാരിൽ പലരും സനയെ നോക്കി കാണുന്നത്. ഈ പുത്തൻ യുഗത്തിലും പോസ്റ്റോഫീസിലേക്ക് ഓടിയെത്തുന്ന സനയെ അവിടുത്തെ  ജീവനക്കാര്‍ സ്നേഹത്തോടെ സ്വീകരിക്കാറുണ്ട്. ഇത്രയുമധികം സ്റ്റാമ്പുകള്‍ ഒന്നിച്ച് ചേര്‍ത്തൊട്ടിച്ച് ബഹുവര്‍ണനിറങ്ങളിലെ കത്തുകള്‍ ചുവന്ന പെട്ടിക്കകത്തേക്ക് വീഴുന്നത് പലർക്കും  ഗൃഹാതുരതയും നനവുള്ള നല്ല ഓർമകളും പങ്കുവെക്കുകയാണ് ..

സാങ്കേതികവിദ്യകളുടെ വളർച്ചയിലും ലോകത്തിന് മുഴുവൻ പ്രിയങ്കരിയായി മാറുകയാണ് സന എന്ന പെൺകുട്ടി. ഒരു ജനതയുടെ സംസ്കാരത്തെ അടുത്തറിയാന്‍, പരസ്പരം വിനിമയം ചെയ്യാന്‍ നല്ല വഴി  ഈ കത്തെഴുത്താണ് എന്ന് വിശ്വസിക്കുകയാണ് ഈ പെൺകുട്ടി. സ്വന്തമായി നിർമ്മിക്കുന്ന കാർഡുകളിലൂടെ നല്ലൊരു വരുമാനമുള്ള ഈ പെൺകുട്ടിയുടെ  വേറിട്ട യാത്രയ്ക്ക് പ്രോത്സാഹനമായി ബാപ്പ ഖാദര്‍ ഏറാമലയും ഉമ്മ ഹൈറുന്നീസയും സഹോദരനും എന്‍ജിനീയറുമായ മുഹമ്മദ് ഷാനിറും കൂട്ടിനുണ്ട്.